പരീക്ഷക്ക് ഹിജാബ് ധരിക്കട്ടേയെന്ന് വിദ്യാർഥികൾ, മറുപടിയുമായി അധികൃതർ

0
272

ബെം​ഗളൂരു:  കർണാടകയിൽ പിയു പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കാനിരിക്കെ പരീക്ഷാഹാളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടി പെൺകുട്ടികൾ. കോളേജ് പ്രിൻസിപ്പൽമാർക്കാണ് മുസ്ലിം വിദ്യാർഥിനികൾ ഹിജാബ് ധരിക്കാൻ അനുമതി തേടി അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷകൾ പരി​ഗണിക്കരുതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർക്കും ഓഫീസർമാർക്കും നിർദേശം നൽകി. ഉഡുപ്പി, ചിക്കബല്ലാപ്പൂർ, ചാമരാജനഗർ, ബെംഗളൂരു റൂറൽ ജില്ലകളിലെ കോളേജുകളിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിക്കാൻ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ പരീക്ഷാ വേളയിൽ ഹിജാബ് അനുവദിക്കുന്നതിനെക്കുറിച്ച് ചോദ്യം പോലും ഉദിക്കുന്നില്ലെന്ന് മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ഹിജാബ് ധരിക്കാൻ അനുമതി നൽകാത്തതിനാൽ ഒരു വിദ്യാർത്ഥിയും പരീക്ഷ ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ കർണാടക ഹൈക്കോടതി ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസപ്രകാരം അനിവാര്യമായ ആചാരമല്ലെന്ന്  ഭാഗമല്ലെന്ന് വിധിച്ചിരുന്നു. വിദ്യാർഥികൾ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂണിഫോം ധരിക്കണമെന്ന സർക്കാർ ഉത്തരവ് 2022 ഫെബ്രുവരി അഞ്ചിന് കോടതി ശരിവച്ചിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പോയെങ്കിലും ഹൈക്കോടതി വിധി റദ്ദാക്കിയില്ല. തൽസ്ഥിതി തുടരാൻ ഉത്തരവുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാവരും സ്ഥാപനങ്ങൾ തീരുമാനിക്കുന്ന യൂണിഫോം നയത്തിൽ ഉറച്ചുനിൽക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹിജാബ് ധരിക്കാൻ അനുമതി നിഷേധിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം നടന്ന പരീക്ഷയിൽ എത്ര വിദ്യാർത്ഥികൾ വിട്ടുനിന്നു എന്നതിന്റെ കണക്കുകൾ വകുപ്പ് ശേഖരിച്ചിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ ജാതി-മത അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും ഹിജാബ് ധരിക്കാൻ  അനുവാദമില്ലാത്തതിനാൽ ആരും പരീക്ഷ ഉപേക്ഷിച്ചതായി വിവരമില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here