കോഴിക്കോട്: മറ്റു സംസ്ഥാനങ്ങളിലും മുന്നണി സാധ്യത തേടുമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളം, തമിഴ്നാട് മാതൃകയിൽ മറ്റു സംസ്ഥാനങ്ങളിൽ മുന്നണി സാധ്യത തേടും. ദേശീയ തലത്തിൽ സംഘടന ശക്തിപ്പെടുത്താൻ ഏകവർഷ പരിപാടി പ്രഖ്യാപിക്കും. കേരളത്തിൽ മുന്നണി മാറ്റം ലീഗ് ആലോചിച്ചിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ദേശീയ കൗൺസിലിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ലീഗിന് മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ വരും. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടാകും. അവ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് രൂപീകരണം നടന്ന രാജാജി ഹാളിന് സമീപം നടക്കുന്ന പരിപാടി ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും. വൈകിട്ട് കൊട്ടിവാക്കം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുഖ്യാതിഥിയാകും.