നോമ്പുകാലത്ത് കഴിയുന്നതും ഈ ഭക്ഷണ-പാനീയങ്ങള്‍ ഒഴിവാക്കുക…

0
279

റംസാൻ വ്രതം ആരംഭിച്ചിരിക്കുന്ന സമയമാണിത്. വേനലാണെങ്കില്‍ കടുത്തുവരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വ്രതമെടുക്കുന്നത് പതിവിലേറെ പ്രയാസമാണ് വിശ്വാസികള്‍ക്കുണ്ടാക്കുക. അതുപോലെ തന്നെ ഇത്രയും പ്രതികൂലമായ സാഹചര്യത്തില്‍ വ്രതമെടുക്കുമ്പോള്‍ ആരോഗ്യകാര്യങ്ങള്‍ അല്‍പമൊരു കരുതല്‍ വച്ചേ മതിയാകൂ.

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) വലിയൊരു പ്രശ്നമാണ് ഈ കാലാവസ്ഥയില്‍. ഇതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണ് പ്രധാനമായം എടുക്കേണ്ടത്. അതുപോലെ ദഹനപ്രശ്നങ്ങള്‍ സൃഷ്ടിച്ച് വയറിന്‍റെ ആരോഗ്യം അവതാളത്തിലാക്കുന്ന ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കേണ്ടിവരും.

എന്തായാലും ഇത്തരത്തില്‍ വ്രതമെടുക്കുന്നവരെ സംബന്ധിച്ച് അവര്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട ചില ഭക്ഷണ-പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്..

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് വ്രതമെടുക്കുന്നവര്‍ നിയന്ത്രിക്കേണ്ട ഒരു വിഭാഗം ഭക്ഷണം. ദഹനപ്രശ്നമുണ്ടാക്കുമെന്നതിനാലാണിത്. പൂരി, ഫ്രഞ്ച് ഫ്രൈസ്, ചിപിസ്, മൈദ ഭക്ഷണങ്ങള്‍, ചോറ് തുടങ്ങി കാര്‍ബ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് കഴിയുന്നതും നിയന്ത്രിക്കേണ്ടതും മാറ്റിവയ്ക്കേണ്ടതും.

രണ്ട്…

കാനിലടച്ച് വരുന്ന ഭക്ഷണങ്ങളും ഈ സമയത്ത് കഴിയുന്നതും ഒഴിവാക്കുക. കാരണം ഇവയില്‍ കാര്യമായ അളവില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിട്ടുണ്ടായിരിക്കും. അതുപോലെ കൃത്രിമമധുരവും. ഇവ കണ്ടും തന്നെ ആരോഗ്യത്തിന് പൊതുവെ നല്ലതല്ല. വ്രതത്തില്‍ കൂടിയാകുമ്പോള്‍ ഇവ പെട്ടെന്ന് ആരോഗ്യത്തെ മോശമായി ബാധിക്കാം.

മൂന്ന്…

വ്രതം അവസാനിപ്പിക്കുമ്പോള്‍ അത്രയും നേരം പിടിച്ചുനിര്‍ത്തിയ ദാഹം ശമിപ്പിക്കാൻ തണുത്ത പാനീയങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടരാകാം. എന്നാല്‍ ഈ അവസരത്തില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചെറുനാരങ്ങ വെള്ളം, ജ്യൂസുകള്‍ എന്നിവയെ മാത്രം ഇതിനായി ആശ്രയിക്കുക. കാരണം കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിക്കുമ്പോള്‍ നല്‍കുന്നൊരു ആശ്വാസം മാത്രമേയുള്ളൂ. അത് കഴിഞ്ഞാല്‍ പിന്നെ കടുത്ത ദഹനപ്രശ്നങ്ങള്‍ ആണ് ഇത് സൃഷ്ടിക്കുക. മറ്റ് പലവിധ ആരോഗ്യപ്രശ്നങ്ങളും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ക്രമേണ സൃഷ്ടിക്കുന്നുണ്ട്.

നാല്…

മധുരം കാര്യമായി അടങ്ങിയ ഭക്ഷണസാധനങ്ങളും വ്രതമെടുക്കുന്നവര്‍ പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്. പ്രധാനമായും വ്രതം അവസാനിപ്പിച്ച ശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില വര്‍ധിപ്പിക്കുമെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം. പ്രമേഹമുള്ളവരാണെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

അഞ്ച്…

ഉപ്പിന്‍റെ അളവ് കാര്യമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും വ്രതമെടുക്കുമ്പോള്‍ ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയം കൂടുതലായിരിക്കും. ബിപിയുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഇതില്‍ കരുതലെടുക്കണം. കാരണം ഉപ്പ് (സോഡിയം ) കൂടുമ്പോള്‍ അത് ബിപിയെ ആണ് നേരിട്ട് ബാധിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here