അഹ്മദാബാദ് ടെസ്റ്റിനിടെ മുഹമ്മദ് ഷമിക്കുനേരെ ‘ജയ് ശ്രീറാം’ വിളിച്ച് ആരാധകർ

0
385

അഹ്മദാബാദ്: ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ ‘ജയ് ശ്രീറാം’ വിളികളുമായി കാണികൾ. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് സംഭവം.

ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിനു പുറത്തുനിൽക്കുമ്പോഴാണ് ഗാലറിയിൽനിന്ന് ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ഉയർന്നത്. ആദ്യം കാണികൾ സൂര്യ കുമാർ യാദവിനെ വിളിക്കുന്നതും താരം അഭിവാദ്യം ചെയ്യുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം. ഇതിനു പിന്നാലെയാണ് കാണികൾ മുഹമ്മദ് ഷമിയുടെ പേരെടുത്തുവിളിച്ച് ‘ജയ് ശ്രീറാം’ മുഴക്കുന്നത്. ഈ സമയത്ത് ഷമിക്കൊപ്പം ചേതേശ്വർ പുജാര, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവരുമുണ്ടായിരുന്നു.

ടെസ്റ്റിന്റെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് സൗഹൃദത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കായാണ് മോദി എത്തിയത്. ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ചടങ്ങിൽ ക്ഷണിതാവായി പങ്കെടുത്തു. ഇരുവരും ഇന്ത്യ-ഓസീസ് നായകന്മാർക്ക് ക്യാപ്പ് കൈമാറുകയും ഗ്രൗണ്ട് വലംവച്ച് ആരാധകരെ അഭിവാദ്യം ചെയ്യുകയുമുണ്ടായി.

മത്സരം ബി.ജെ.പി നരേന്ദ്ര മോദിയുടെ പി.ആർ ആഘോഷവേദിയാക്കിയെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യദിനത്തെ 80,000 ടിക്കറ്റുകൾ ബി.ജെ.പി നേരത്തെ വാങ്ങിവച്ചതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. എം.എൽ.എമാരോട് ടിക്കറ്റുകൾ വാങ്ങി ബി.ജെ.പി പ്രവർത്തകർക്ക് നൽകാൻ നിർദേശിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം മൂന്ന് എം.എൽ.എമാർ ദേശീയ മാധ്യമമായ ‘ദ വയറി’നോട് സമ്മതിക്കുകയും ചെയ്തിരുന്നു. ആദ്യദിനം ആസ്‌ട്രേലിയൻ പൗരന്മാർക്ക് ടിക്കറ്റ് ലഭിച്ചില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡും നേരത്തെ ആരോപിച്ചിരുന്നു.

നേരത്തെ, 2021 ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിനു പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിദ്വേഷ പ്രചാരണം നടന്നിരുന്നു. പാകിസ്താൻ ചാരനാണെന്നും പാകിസ്താനെ സഹായിക്കുന്നുവെന്നും ആരോപിച്ചായിരുന്നു സൈബർ ആക്രമണം. ഷമിയെ പിന്തുണച്ച് രംഗത്തെത്തിയ അന്നത്തെ നായകൻ വിരാട് കോഹ്ലിക്കും കുടുംബത്തിനും എതിരെയും അധിക്ഷേപം നീണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here