മുഗൾ ചക്രവർത്തി ഔറംഗസേബിനെ പിന്തുണച്ച് വാട്‍സ്ആപ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ നാടുവിടാൻ നിർബന്ധിതരായി മുസ്‌ലിം കുടുംബങ്ങൾ. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഹത്കനംഗലെ തഹ്‌സിലിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളാണ് ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ സമ്മർദ്ദം മൂലം വീടുപേക്ഷിച്ച് പോകാൻ നിർബന്ധിതരായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഹിന്ദുത്വവാദികളിൽ നിന്ന് തുടർച്ചയായി ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് കുടുംബം.
ഹിന്ദു വികാരം വ്രണപ്പെട്ടുവെന്ന പരാതിയെ തുടർന്ന് സംഭവത്തിൽ രണ്ട് എഫ്‌ഐആറുകളും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, ഒരു മുസ്ലിം യുവാവ് കസ്റ്റഡിയിലാവുകയും ചെയ്തു. ഇയാളുടെ കുടുംബത്തിനെതിരെയാണ് ഹിന്ദുത്വ തീവ്രവാദ സംഘടനകൾ അക്രമം നടത്തുന്നത്. ഔറംഗബാദിന്റെ പുനർനാമകരണം സംബന്ധിച്ച് മഹാരാഷ്ട്രയിൽ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്കിടയാണ് ഈ സംഭവം.
മാർച്ച് 17നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സവർദെ ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് മൊമീൻ എന്ന 19കാരൻ ഔറംഗബാദ് നഗരത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മുഗൾ ഭരണാധികാരി ഔറംഗസേബിനെ പിന്തുണച്ച് വാട്‍സ്ആപ്പിൽ സ്റ്റാറ്റസ് ഇടുകയായിരുന്നു. പിന്നാലെ ഹിന്ദുത്വ തീവ്രവാദ സംഘടനകളും തീവ്ര വലതുപക്ഷ മാധ്യമങ്ങളും ഇത് വലിയ വാർത്തയാക്കുകയും യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്‌തു.
ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് മൊമീൻ സ്റ്റാറ്റസിട്ടതെന്നായിരുന്നു വാദം. തുടർന്ന് ബിജെപിയുമായും സംഭാജി ഭിഡെയുടെ നേതൃത്വത്തിലുള്ള ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാനുമായും ബന്ധമുള്ള പരശുറാം ചവാൻ എന്നയാൾ നൽകിയ പരാതിയിൽ മൊമീനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.
“നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ, ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന് ഇവിടുത്തെ കുന്നുകൾ സാക്ഷ്യം വഹിക്കുന്നു; ഔറംഗസേബ് ആലംഗീർ”; ഇതായിരുന്നു മൊമെന്റെ വാട്‍സ്ആപ് സ്റ്റാറ്റസ്.
സ്റ്റാറ്റസ് വിവരം പുറത്തുവന്നതിന് പിന്നാലെ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ മൊമീനും അദ്ദേഹത്തിന്റെ പിതാവിനും നേരെ കടുത്ത ആക്രമണമാണ് ഉണ്ടായത്. പൊലീസിൽ പരാതി നൽകിയതിന് ശേഷം മൊമീന്റെ ഗ്രാമത്തിൽ രണ്ടുദിവസത്തെ ബന്ദ് പ്രഖ്യാപിച്ച ഹിന്ദുത്വവാദികൾ എത്രയും പെട്ടെന്ന് ഗ്രാമം വിടണമെന്ന് മൊമീന്റെ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു.