കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പ് മേയ് പത്തിന്; വോട്ടെണ്ണല്‍ 13ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല

0
226

കര്‍ണാടകയില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 10നാണ് വോട്ടെടുപ്പ്.  വോട്ടെണ്ണല്‍ 13ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷണര്‍മാരായ അനൂപ് ചന്ദ്രപാണ്ഡേയും അരുണ്‍ ഗോയലും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. 224 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇതില്‍ 51 എണ്ണം സംവരണ സീറ്റുകളാണ്. വോട്ടര്‍മാരുടെ എണ്ണം 5.21 കോടിയായി ഉയര്‍ന്നു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. ഭിന്നശേഷിക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 72.57 ശതമാനമായിരുന്നു 2018ലെ പോളിങ്.

2018ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി നൂറ്റിനാലും കോണ്‍ഗ്രസ് എഴുപത്തെട്ടും ജെഡിഎസ് മൂന്നും സീറ്റ് നേടിയിരുന്നു. ബിഎസ്പിയും കര്‍ണാടക പ്രഗ്യാവന്ത ജനതാപാര്‍ട്ടിയും ഓരോ സീറ്റ് നേടി. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ ബി.എസ്.യെഡിയൂരപ്പ സര്‍ക്കാര്‍ രാജിവച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. പിന്നീട് കോണ്‍ഗ്രസിലെയും ജെ‍ഡിഎസിലെയും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി ഭരണം തിരിച്ചുപിടിച്ചു. ഇക്കുറിയും ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ജെഡിഎസ് നിലപാട് നിര്‍ണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here