ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ !

0
301

ലോകത്ത് വിവാഹ മോചനത്തിന്‍റെ തോത് കൂടുന്നുവെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വിവാഹം കഴിക്കുന്നവരിൽ പത്തിൽ എട്ടുപേരും അധികം വൈകാതെ തന്നെ വിവാഹ മോചിതരാകുന്ന ഒരു രാജ്യമുണ്ട്. സിംഗിൾ പാരൻസ് ഏറ്റവും കൂടുതലുള്ള ഈ രാജ്യം ഏതാണെന്ന് അറിയാമോ? പോർച്ചുഗലാണ് ആ രാജ്യം. പോർച്ചുഗല്ലിലെ ഈ സാമൂഹികാവസ്ഥ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. മറിച്ച്, കാലാകാലങ്ങളായി ആ സമൂഹത്തില്‍ വന്ന മാറ്റങ്ങളിലൂടെ സംഭവിച്ച ഒന്നാണ്.

സോഷ്യൽ ഇഷ്യൂസ് റിസർച്ച് സെന്‍ററിൽ നിന്നുള്ള സമീപകാല പഠനമനുസരിച്ച്, സലാസർ ഭരണകാലത്ത് (1932 to 1968) ഈ സാമൂഹിക രീതി പോർച്ചുഗലിൽ വളർന്നുവന്നത്. നീണ്ട 36 വര്‍ഷം പോർച്ചുഗലിന്‍റെ പ്രധാനമന്ത്രിയായിരുന്ന അന്‍റോണിയോ ഡി ഒലിവേര സലാസറിന്‍റെ പേരിലാണ് സലാസർ ഭരണകൂടം അറിയപ്പെടുന്നത്. ഒരു സ്വേച്ഛാധിപത്യ ഭരണാധികാരിയായിരുന്ന സലാസർ, രാജ്യത്തെ രാഷ്ട്രീയ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും തന്‍റെ ഭരണത്തിനെതിരെ തിരിഞ്ഞ വിമതരെ അടിച്ചമർത്തുകയും ചെയ്തു. സലാസർ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തില്‍ യാഥാസ്ഥിതിക കത്തോലിക്കാ സഭയിലും, സ്ത്രീകൾ മാതൃത്വത്തിന്‍റെ പരമ്പരാഗത ആശയങ്ങളുമായി യോജിച്ചു പോകുന്ന രീതിയായിരുന്നു.

എന്നാൽ, ക്രമേണ പോർച്ചുഗീസ് വനിതകൾ കുറേക്കൂടി പുരോഗമനപരമായി ചിന്തിച്ചു തുടങ്ങി. ഉയർന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകൾ കുട്ടികൾ ഉണ്ടായതിന് ശേഷം സ്വന്തമായി ജോലി ചെയ്യാനും വരുമാനം കണ്ടെത്താനും തുടങ്ങി. കൂടാതെ വിദ്യാഭ്യാസപരമായി സ്ത്രീകളും ഉയർന്നതോടെ ലിംഗ വേതന വ്യത്യാസം രാജ്യത്ത് ഇല്ലാതായി. മുമ്പ് 27 വയസ്സായിരുന്ന വിവാഹ പ്രായത്തിലും വർദ്ധനവ് ഉണ്ടായി. സ്ത്രീകൾ സ്വയം പര്യാപ്തരായതോടെ തങ്ങളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂടെ പ്രാധാന്യം കൊടുത്തു തുടങ്ങി. കൂടാതെ പോർച്ചുഗലിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം ആളുകളും വിവാഹ മോചനം ഒരു കുറ്റമായല്ല കാണുന്നത്. ഇവിടുത്തെ ജനസംഖ്യയിൽ 87 % സ്ത്രീകളും തങ്ങളുടെ കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്ന സിംഗിള്‍ പാരന്‍റാണ്.

മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ പോർച്ചുഗൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൂടാതെ പഠന റിപ്പോർട്ടുകൾ അനുസരിച്ച്, 10 ൽ 8 വിവാഹങ്ങളും വിവാഹ മോചനത്തിൽ ആണ് അവസാനിക്കുന്നത്. 2020 ലെ യുഎന്‍ഐഡിഒഎംഒയുടെ കണക്കനുസരിച്ച് പോർച്ചുഗലിലെ വിവാഹ മോചന നിരക്ക് 100 വിവാഹങ്ങളിൽ 91.5 ശതമാനമാണെന്ന്. ഇത് മറ്റ് യൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും ഉയർന്ന നിരക്കാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങളിൽ ഇനിയും മാറ്റം വരേണ്ടതുണ്ട്. ഇത് പ്രധാനമായും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു. സ്ത്രീകൾ ജോലിയിലായിരിക്കുമ്പോൾ അവരുടെ നിയന്ത്രണത്തിലുള്ള കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഇതുവരെയായും ഒരു വ്യവസ്ഥ ഉണ്ടാക്കിയിട്ടില്ല. കൂടാതെ വീട്ടിലെ ഗാർഹികവും വൈകാരികവുമായ ജോലികൾ കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകൾ മികച്ചവരാണെന്ന സാമൂഹിക ബോധം പോര്‍ച്ചുഗീസില്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒരേസമയം ഒരുപാട് ജോലികൾ ചെയ്യാൻ കഴിവുള്ളവരാണ് സ്ത്രീകൾ എന്ന പ്രശംസയിലൂടെ ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമോ അവരുടെ ജീവിത ഭാരം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സമൂഹവും വ്യാവൃതമാണ്. സ്വന്തം ജോലി ഭാരവും മാതൃത്വത്തിന്‍റെ ഉത്തരവാദിത്വവും സന്തുലിതമായി കൊണ്ട് പോകാനുള്ള ശ്രമം സ്ത്രീകളുടെ സാമൂഹിക ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here