ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 33 കോടി സ്വന്തമാക്കി ദുബൈയിലെ പ്രവാസി

0
627

അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബൈയിലെ പ്രവാസിക്ക് ഒന്നാം സമ്മാനം. തുര്‍ക്കി സ്വദേശിയായ സാം ഹൈദരിതോര്‍ഷിസിയ്ക്കാണ് 1.5 കോടി ദിര്‍ഹം (33 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ഇതാദ്യമായാണ് തുര്‍‍ക്കിയില്‍ നിന്ന് ഒരാള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്.

ഫെബ്രുവരി നാലാം തീയ്യതി ഓണ്‍ലൈനായി എടുത്ത 172108 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച വിജയം സാമിനെ തേടിയെത്തിയത്. സമ്മാനം കിട്ടിയ വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ച അവതാരകര്‍ക്ക് അദ്ദേഹത്തെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഇത്ര വലിയ തുക ലഭിച്ചെന്ന് പറഞ്ഞ് ആരോ തന്നെ ഫോണില്‍ വിളിച്ച് കബളിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.   249-ാം സീരിസ് നറുക്കെടുപ്പില്‍ മൂന്നും നാലും സമ്മാനങ്ങളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്.

311931 എന്ന ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ മല്ലേഷ് തുംപെട്ടിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ നാലാം സമ്മാനവും 161921 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരി ലിന്റ തോമസിന് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമായി. യുഎഇ പൗരനായ സലീം അല്‍ ബസ‍്തകിക്കാണ് രണ്ടാം സമ്മാനം. 010262 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് രണ്ടാം സമ്മാനത്തുകയായ പത്ത് ലക്ഷം ദിര്‍ഹം ലഭിച്ചത്. വെള്ളിയാഴ്ചയിലെ നറുക്കെടുപ്പില്‍ വിജയികളായ എല്ലാവരും ഓണ്‍ലൈനായി ടിക്കറ്റെടുത്തവരായിരുന്നു. ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബംഗ്ലാദേശ് പൗരനായ അരുണ്‍ കുമാര്‍ വിജയിച്ചു. 005774 എന്ന ടിക്കറ്റിലൂടെ മസെറാട്ടിയുടെ ആഡംബര കാറാണ് ലഭിച്ചത്.

ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം ബിഗ് ടിക്കറ്റ് വെബ്‍സൈറ്റ് വഴിയും സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും വില്‍പന തുടങ്ങിയിട്ടുണ്ട്. രണ്ട് കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. ഇതിന് പുറമെ മറ്റ് ഒന്‍പത് സമ്മാനങ്ങള്‍ക്ക് കൂടി അന്ന് അവകാശികളെ തെരഞ്ഞെടുക്കും. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 90,000 ദിര്‍ഹവും നാലാം സമ്മാനമായി 80,000 ദിര്‍ഹവും അഞ്ചാം സമ്മാനമായി 70,000 ദിര്‍ഹവും ആറാം സമ്മാനമായി 60,000 ദിര്‍ഹവും ഏഴാം സമ്മാനമായി 50,000 ദിര്‍ഹവും എട്ടാം സമ്മാനമായി 40,000 ദിര്‍ഹവും ഒന്‍പതാം സമ്മാനമായി 30,000 ദിര്‍ഹവും പത്താം സമ്മാനമായി 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് നല്‍കുക.

മാര്‍ച്ച് മാസത്തില്‍ ഓരോ ആഴ്ചയും ബിഗ് ടിക്കറ്റുകള്‍ എടുക്കുന്നവരെ ഉള്‍പ്പെടുത്തി നടക്കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവല്‍ വെലാര്‍ കാറാണ് വിജയികളെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here