അയോഗ്യത ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും

0
201

ദില്ലി: മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിലായി. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി നല്‍കിയിരിക്കുന്നത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഒരുങ്ങും.

തല്‍ക്കാലം കുറ്റം ചെയ്തെന്ന വിധി കോടതി അപ്പീൽ നല്‍കാനായി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാൽ ഉടൻ രാഹുൽ ഗാന്ധി അയോഗ്യനാകില്ല. അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരും. അതിനാൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുലിന് നിർണ്ണായകമാകും. അതായത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇനി ഈ വിധി വലിയ സമ്മർദ്ദമായി തുടരും.

 

LEAVE A REPLY

Please enter your comment!
Please enter your name here