പൂജാര സിക്സടിച്ചത് രോഹിത് പറഞ്ഞിട്ടോ; പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍

0
293

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം ദിനം ബാറ്റ് ചെയ്യുന്നതിനിടെ ചേതേശ്വര്‍ പൂജാര പറത്തിയ സിക്സ് വലിയ ചര്‍ച്ചയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടമായി പ്രതിരോധിച്ചു നിന്ന പൂജാരയും അക്സറും ചേര്‍ന്ന് റണ്‍സടിക്കാന്‍ പാടുപെടുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി പൂജാര ക്രീസില്‍ നിന്ന് ചാടിയിറങ്ങി നേഥന്‍ ലിയോണിനെ സിക്സിന് പറത്തിയത്. അതിന് തൊട്ടുമുമ്പ് പൂജാരയുടെയും അക്സറിന്‍റെയും ‘മുട്ടിക്കളി’ കണ്ട രോഹിത് ശര്‍മ ഡ്രസ്സിംഗ് റൂമിലിരുന്ന് അസംതൃപ്തി രേഖപ്പെടുത്തുന്നതും ഇഷാന്‍ കിഷനെ വിളിച്ച് അവരോട് റണ്‍സടിക്കാന്‍ പറയാന്‍ ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇങ്ങനെയൊരു കാഴ്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? രസകരമായ വീഡിയോ…

രോഹിത് പൂജാരയോട് റണ്‍സടിക്കാന്‍ പറഞ്ഞതിനെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള മുന്‍ താരങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തു. ഇന്‍ഡോര്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം എന്ത് സന്ദേശമാണ് രണ്ടാം ദിനം പൂജാരക്ക് നല്‍കിയതെന്ന് മാധ്യമങ്ങള്‍ രോഹിത്തിനോട് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ പൂജാരയോട് പറഞ്ഞത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും കളിയുമായി ബന്ധപ്പെട്ട ഒരു കാര്യവുമല്ലെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. കളിയുമായി ബന്ധപ്പെട്ട തന്ത്രപരമായ കാര്യങ്ങള്‍ എന്തെങ്കിലും ആയിരുന്നെങ്കില്‍ അത് ഞാന്‍ നിങ്ങളോട് പറയുമായിരുന്നു. അത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും രോഹിത് പറഞ്ഞു.

ഇന്‍ഡോറിലേതുപോലുള്ള പിച്ചുകളില്‍ കളിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ കളിച്ചതുപോലെയുള്ള ആക്രമണോത്സുക ഇന്നിംഗ്സുകള്‍ ആരെങ്കിലും കളിക്കേണ്ടതുണ്ടെന്നും അങ്ങനെ കളിക്കുന്ന ആള്‍ നൂറ് റണ്‍സടിച്ചില്ലെങ്കിലും അത്തരം ചെറു ഇന്നിംഗ്സുകള്‍ കളിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും രോഹിത് പറഞ്ഞു. ശ്രേയസ് മികച്ച ഇന്നിംഗ്സാണ് കളിച്ചത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഉസ്മാന്‍ ഖവാജയുടെ അസാമാന്യ ക്യാച്ചില്‍ പുറത്തായി. എങ്കിലും അത്തരം ഇന്നിംഗ്സുകളാണ് വേണ്ടിയിരുന്നതെന്നും രോഹിത് പറഞ്ഞു,

ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 109 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയ 197 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിലും തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ 167 റണ്‍സിന് ഓള്‍ ഔട്ടായപ്പള്‍ വിജയലക്ഷ്യമായ 76 റണ്‍സ് ഓസീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here