റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം വാദവും പൂര്‍ത്തിയായി; വിധി പറയുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും

0
163

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദത്തിന് പിന്നാലെ പ്രതിഭാഗം വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ വാദംനേരത്തെ പൂര്‍ത്തിയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍ തമ്മിലുള്ള വാദപ്രതിവാദം നടക്കും. ഇതിന് ശേഷമായിരിക്കും വിധി പറയുന്ന തീയതി പ്രഖ്യാപിക്കുക. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 97 സാക്ഷികളെയാണ് വിസ്തരിച്ചത്.

ഒന്ന് മുതല്‍ നാല് വരെയുള്ള പ്രധാന സാക്ഷികള്‍ക്ക് പുറമേ ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ പ്രതിനിധികള്‍, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്.പിയും ഇപ്പോള്‍ കൊച്ചി മേഖലാ ഡി.ഐ.ജിയുമായ ഡോ. എ. ശ്രീനിവാസ്, അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്. പ്രതിഭാഗം ഒരു സാക്ഷിയെയാണ് കോടതിയില്‍ ഹാജരാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ ഓഫീസ് സെക്രട്ടറിയെയാണ് പ്രതിഭാഗം വിസ്തരിച്ചത്.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം. അശോകന്‍, അഡ്വ. ടി. ഷാജിത്ത്, അഡ്വ. അരുണ്‍ കുമാര്‍ കെ.പി എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി തലശേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സുനില്‍ കുമാറാണ് ഹാജരായത്. 2017 മാര്‍ച്ച് 20ന് രാത്രിയാണ് ചൂരിയിലെ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (22), നിധിന്‍ കുമാര്‍ (21), അഖിലേഷ് എന്ന അഖില്‍ (27) എന്നിവരാണ് വിചാരണ നേരിട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here