രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ; രാഹുല്‍ ഗാന്ധി ജയിലില്‍ കഴിയേണ്ടി വരുമോ? കോടതി നടപടി ഇപ്രകാരം

0
201

സുറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി. എന്നാല്‍, നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. കോടതിയിൽ നിന്ന് തന്നെ രാഹുല്‍ ജാമ്യം നേടിയിട്ടുണ്ട്. 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി സസ്പെൻഡ് ചെയ്തിട്ടുള്ളത്.

ഹൈക്കോടതിയില്‍ അപ്പീൽ നൽകാനാണ് സിജെഎം കോടതി ഇളവ് നല്‍കിയിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. വിധിക്ക് പിന്നാലെ ട്വിറ്ററില്‍ മഹാത്മ ഗാന്ധിയുടെ വാക്കുകളാണ് രാഹുല്‍ പങ്കുവെച്ചത്. ‘എന്‍റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്‍റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്’ എന്ന ശ്രദ്ധേയമായ മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു.

രാഹുൽ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂർവമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്‍റ് ജഗദീഷ് ഠാക്കൂർ ആരോപിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി തുടരെ തുടരെ വിവാദങ്ങളില്‍ അകപ്പെടുകയാണ്. ലണ്ടൻ പരാമര്‍ശങ്ങളെ തുടര്‍ന്ന് പാര്‍ലമെന്‍റിലും പുറത്തും ബിജെപി രാഹുലിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇപ്പോള്‍ തിരിച്ചടിയായ കോടതി വിധിയും വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here