സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

0
155

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാണെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും.

ഭൂഗര്‍ഭ ജലനിരപ്പിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴ്ന്ന കാസര്‍ക്കോട് ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടക്കല്‍ മേഖലയിലാണ് ഉള്‍പ്പെടു്ത്തിയിരിക്കുന്നത്. ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഒരു വര്‍ഷം കിട്ടേണ്ട മഴയുടെ അളവില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും മഴ കിട്ടുന്ന കാലയളവ് കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞതാണ് പ്രതിസന്ധിയായത്. എങ്കിലും വേനല്‍മഴ കാര്യമായി കിട്ടിയാല്‍ പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് കണക്കൂകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here