മിസൈൽ ഫ്രീകിക്ക്, പെനാൽറ്റി സഹതാരത്തിന് നൽകി; ആരാധകരെ കൈയിലെടുത്ത് ക്രിസ്റ്റ്യാനോ

0
168

റിയാദ്: വിമർശനങ്ങൾക്ക് തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ മറുപടി നൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോലീഗിൽ അബ്ഹയ്‌ക്കെതിരെ 35 വാരെ അകലെ നിന്നായിരുന്നു റോണോയുടെ ഫ്രീകിക്ക്. എതിർ പ്രതിരോധം പടുത്തുയർത്തിയ മതിലിന്റെ വിടവിലൂടെ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ വല കുലുക്കുകയായിരുന്നു. മത്സരത്തിൽ ലഭിച്ച പെനാൽറ്റി സഹതാരത്തിന് നൽകിയും റോണോ ആരാധകരെ കൈയിലെടുത്തു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് അൽ നസ്‌റിന്റെ ജയം.

മത്സരത്തിന്റെ 76-ാം മിനിറ്റിലാണ് നസ്‌റിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്. മൂന്ന് സഹകളിക്കാരെയാണ് എതിർ ഗോൾകീപ്പർ ഡേവിഡ് എപസ്സി മതിലായി നിർത്തിയത്. അതിനിടയിൽ വിടവു കണ്ടെത്തിയ റോണോ ഊക്കൻ വലങ്കാൽ ഷോട്ടിലൂടെ ഗോളിയുടെ എല്ലാ പ്രതിരോധവും തകർക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയുടെ ഈ വർഷത്തെ ആദ്യ ഫ്രീകിക്ക് ഗോളാണിത്. സീസണിലെ ഒമ്പതാമത്തെയും.

86-ാം മിനിറ്റിൽ ടീമിനായി കിട്ടിയ പെനാൽറ്റി ബ്രസീലിയന്‍ സഹതാരം ആൻഡേഴ്‌സൺ ടാലിസ്‌കയ്ക്ക് നൽകിയും റോണോ ആരാധകഹൃദയം കീഴടക്കി. എണ്‍പതാം മിനിറ്റില്‍ സക്കരിയ സാമി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയതോടെ ശേഷിക്കുന്ന സമയം പത്തു പേരുമായാണ് അബ്ഹ മത്സരം പൂര്‍ത്തിയാക്കിയത്.

ലീഗിലെ പോയിന്റ് പട്ടികയിൽ 21 കളിയിൽ 49 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അൽ നസ്ർ. ഇത്രയും കളികളിൽനിന്ന് 50 പോയിന്റുമായി അൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്തുള്ളത്. 21 കളികളിൽ നിന്ന് 23 പോയിന്റുമായി പന്ത്രണ്ടാമതാണ് അബ്ഹ.

LEAVE A REPLY

Please enter your comment!
Please enter your name here