കൊവിഡ് പരത്തിയത് ഈ ജീവികൾ,​ പുതിയ റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര ഗവേഷകർ,​ വൈറസുമായി ബന്ധപ്പെട്ട ജനിതക വിവരങ്ങൾ ലഭിച്ചെന്ന് പഠനം

0
199

ബീജിംഗ്: കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവ സിദ്ധാന്തങ്ങളിലേക്ക് പുതിയ ഒരു റിപ്പോർട്ട് കൂടി. വുഹാനിലെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂൺ നായകളിൽ നിന്നാണ് കൊവിഡ് വൈറസ് പടർന്നതെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസിനെയും മാർക്കറ്റിലുണ്ടായിരുന്ന റാക്കൂൺ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകർ അവകാശപ്പെട്ടു.

വവ്വാലിൽ നിന്ന് ഉത്ഭവിച്ച വൈറസ് വുഹാനിൽ അനധികൃത വന്യജീവി വ്യാപാര മാർക്കറ്റിലെ ഒരു സ്പീഷീസിൽ നിന്നാകാം മനുഷ്യനിലേക്ക് കടന്നതെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ ഈ സ്പീഷീസ് ഏതാണെന്നതിന് കൃത്യമായ ഉത്തരമില്ല. 2020 ജനുവരിയിൽ ഹ്വനാൻ മാർക്കറ്റിൽ നിന്നും പരിസരത്ത് നിന്നും ചൈനീസ് ഗവേഷകർ ശേഖരിച്ച സാമ്പിളുകളിൽ നിന്നുള്ള ജനിതക വിവരങ്ങളാണ് ഇപ്പോൾ പഠന വിധേയമാക്കിയത്.

വുഹാനിൽ ആദ്യ കേസുകൾ കണ്ടെത്തിയതിന് പിന്നാലെ ചൈനീസ് ഭരണകൂടം ഈ മാർക്കറ്റ് അടച്ചുപൂട്ടിയിരുന്നു. ഇതിന് ശേഷമാണ് സാമ്പിളുകൾ ശേഖരിച്ചത്. മാർക്കറ്റ് അടച്ചതോടെ കൂട്ടിലടച്ചിരുന്ന വന്യജീവികളെയെല്ലാം അധികൃതർ നീക്കം ചെയ്തിരുന്നു. അതിനാൽ മാർക്കറ്റിന്റെ മതിലുകൾ, നിലം, ലോഹ കമ്പികൾ, കൂടുകൾ, കാർട്ടുകൾ തുടങ്ങിയവയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ജനിതക വിവരങ്ങൾ ചൈനീസ് ഗവേഷകർ ഒരു ഓപ്പൺ ആക്സസ് ജീനോമിക് ഡേറ്റാബേസിലൂടെ പുറത്തുവിട്ടിരുന്നു. വൈകാതെ ഇവ ആഗോള ഗവേഷകർ വിശകലനത്തിന് വിധേയമാക്കി.

കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയ സാമ്പിളുകളിൽ റാക്കൂൺ നായകളുമായി പൊരുത്തപ്പെടുന്ന ജനിതക വസ്തുക്കൾ അന്താരാഷ്ട്ര ഗവേഷകർ വലിയ അളവിൽ കണ്ടെത്തി. എന്നാൽ റാക്കൂൺ നായയ്ക്ക് തന്നെയാണ് വൈറസ് ബാധിച്ചതെന്ന് ഇത് തെളിയിക്കുന്നില്ല. ഇനി റാക്കൂൺ നായയെ വൈറസ് ബാധിച്ചിരുന്നെങ്കിൽ തന്നെ അതിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടർന്നതെന്നും സ്ഥിരീകരിക്കാനാവുന്നില്ല.

ഒരു പക്ഷേ, രോഗ ബാധിതരായ മനുഷ്യരിൽ നിന്നാകാം റാക്കൂൺ നായയിൽ വൈറസ് സാന്നിദ്ധ്യമുണ്ടായത്. അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികളിൽ നിന്നുമാകാം. ക്രിസ്റ്റ്യൻ ആൻഡേഴ്സൺ, മൈക്കൽ വൊറേബെയ്, എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു സാമ്പിളുകളുടെ ജനിതക വിശകലനം. അതേ സമയം, ഗവേഷക റിപ്പോർട്ട് പൂർണമായും പുറത്തുവിട്ടിട്ടില്ല.

കൊവിഡ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാകാമെന്നുള്ള സിദ്ധാന്തങ്ങളെ തള്ളുന്നതാണ് പുതിയ ഗവേഷണ റിപ്പോർട്ട്. അതേ സമയം, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നെന്ന് കണ്ടെത്താനാകുന്നില്ലെന്നും മാർക്കറ്റിൽ കണ്ടെത്തിയ വൈറസ് സാന്നിദ്ധ്യം രോഗബാധിതരായ മനുഷ്യരിൽ നിന്ന് ജീവികളിലേക്ക് പടർന്നതാണെന്നുമാണ് സാമ്പിളുകൾ ശേഖരിച്ച ചൈനീസ് ഗവേഷകരുടെ നിഗമനം. പേരിൽ നായ എന്നുണ്ടെങ്കിലും റാക്കൂണുകളുമായി സാമ്യമുള്ള ഇവയ്ക്ക് കുറുക്കനുമായാണ് കൂടുതൽ ബന്ധം. നായകൾ, കുറുക്കൻ തുടങ്ങിയവ ഉൾപ്പെടുന്ന കാനിഡേ കുടുംബത്തിൽപ്പെട്ടവയാണ് ഈ ചെറു ജീവികൾ. കിഴക്കൻ ഏഷ്യയിലാണ് ഇവ കാണപ്പെടുന്നത്. റാക്കൂണികളുടേത് പോലുള്ള മുഖമാണ് ഇവയ്ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here