കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

0
159

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്ഥാനാർത്ഥികളേയും കുറിച്ച് കോൺ​ഗ്രസിൽ ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. എന്നാൽ ലിസ്റ്റ് അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്ന് കോൺ​ഗ്രസ് പറയുന്നു. മത്സരിക്കാൻ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് നിലവിൽ തയ്യാറാക്കി കഴിഞ്ഞുവെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. ഈ ലിസ്റ്റ് ഹൈക്കമാന്റിന് അയക്കും. സമൂഹത്തിലെ എല്ലാ വിഭാ​ഗം ആളുകളേയും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ലിസ്റ്റ് തയ്യാറാക്കുമ്പോൾ സാമൂഹികപരമായി ചിന്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ചാലുടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌ക്രീനിംഗ് കമ്മിറ്റി മൂന്ന് ദിവസം ബെംഗളൂരുവിൽ യോഗം ചേർന്നു. 224 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് സ്ഥാനാർത്ഥികളുടെ പട്ടിക തീരുമാനിച്ചു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ഇൻചാർജുമായ രൺദീപ് സിങ് സുർജേവാല പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. 150 സീറ്റെങ്കിലും പിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

2013 മുതൽ 2018 വരെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാരാണ് കർണ്ണാടകയിൽ അധികാരത്തിലിരുന്നത്. 2018ൽവീണ്ടും അധികാരത്തിലെത്തിയെങ്കിലും ജനതാദളു(എസ്)മായി സഖ്യകക്ഷിയായ സർക്കാർ 2019ൽ താഴെ വീണു.

അതേസമയം, കർണാടകയിൽ അച്ഛൻ മത്സരരം​ഗത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപി വെല്ലുവിളി നേരിടുമെന്ന്  യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് യെദിയൂരപ്പ പിൻമാറുകയാണെന്നും മക്കളായിരിക്കും പിൻ​ഗാമിയെന്ന ഊഹങ്ങൾക്കിടയിലാണ് മകൻ വിജയേന്ദ്രന്റെ പരാമർശം വന്നത്.

അച്ഛൻ ഇത്തവണ കൂടി മത്സരരം​ഗത്തുണ്ടാവണമെന്ന് താൻ ആ​ഗ്രഹിക്കുന്നു. അദ്ദേഹമില്ലാതെ ബിജെപി വലിയ വെല്ലുവിളി നേരിടേണ്ടി വരും. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിജയേന്ദ്രൻ പറഞ്ഞു. മറ്റെല്ലാ പാർട്ടികൾക്കും മുകളിലാണ് ബിജെപിയെന്നും നിലവിൽ ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടി 224 ൽ 130 സീറ്റുകളോടെ മുന്നിട്ടു നിൽക്കുമെന്നും വിജയേന്ദ്രൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here