പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറിയതിന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എക്ക് 99 രൂപ പിഴ വിധിച്ച് കോടതി. വന്‍സ്ഡ (പട്ടികജാതി) നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനന്ത് പട്ടേലിനെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 447 പ്രകാരം കുറ്റക്കാരനാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.എ. ധാദല്‍ വിധിച്ചത്.
2017ല്‍ നടന്ന സംഭവത്തിലാണ് ഗുജറാത്തിലെ നവസാരിയിലെ കോടതി ശിക്ഷവിധിച്ചത്. കാര്‍ഷിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ വൈസ് ചാന്‍സലറുടെ ചേമ്പറില്‍ കയറുകയും പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും ചെയ്തുവെന്നുമായിരുന്നു എംഎല്‍എക്കെതിരായ പരാതി.
പട്ടേലിനും യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ജലാല്‍പുര്‍ പൊലീസാണ് 2017ല്‍ കേസെടുത്തത്. പിഴ തുകയായ 99 രൂപ അടച്ചില്ലെങ്കില്‍ ഏഴ് ദിവസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.