‘അശ്ലീല കമന്റിട്ട് കോൺഗ്രസിലെ പെൺകുട്ടികളുടെ നാവടക്കാമെന്ന് കരുതേണ്ട’’: വ്യാപക പിന്തുണ

0
226

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് വനിതാ പ്രവർത്തകരെ ഉന്നമിട്ട് നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസിലെ യുവനേതാക്കൾ. മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡ‍ന്റുമായ വി.ടി.ബൽറാം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിൻ തുടങ്ങിയവരാണ് വനിതാ പ്രവർത്തകർക്കു സമൂഹമാധ്യമത്തിലൂടെ പിന്തുണയുമായി രംഗത്തെത്തിയത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന ഒറ്റ കാരണത്താൽ സിപിഎം സൈബർ ഗുണ്ടകൾ വനിതാ പ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ലൈംഗികാധിക്ഷേം നടത്തുകയാണെന്നു നേതാക്കൾ ആരോപിച്ചു.

സി.എച്ച്.തസ്രീന, ബിന്ദു ചന്ദ്രൻ, ഗ്രീഷ്മ സുരേഷ്, ഗൗരിപാർവ്വതി രാജ് തുടങ്ങിയവരുടെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ഒരു സ്ത്രീ കോൺഗ്രസുകാരിയാണെങ്കിൽ സിപിഎം സൈബർ ക്രിമിനലുകൾക്ക് അവരെ എന്തും പറയാമെന്ന അവസ്ഥയാണ് ഇന്നു കേരളത്തിലെന്ന വി.ടി.ബൽറാം കുറിപ്പിൽ വ്യക്തമാക്കി. വാക്കു കൊണ്ടുള്ള അസഭ്യ വർഷം മാത്രമല്ല, ഫോട്ടോ ഒക്കെ വച്ചാണ് ഹീനമായ ആക്രമണം. കടന്നലുകൾ എന്ന് സ്വയം വിളിക്കുന്ന വികൃതമനസ്ക്കർ സ്വന്തം നിലക്ക് ചെയ്യുന്നതല്ല ഇതൊന്നും, സിപിഎം നേതൃത്വത്തിന്റെ കൃത്യമായ അറിവോടെ അവരുടെ പൂർണ്ണ പിന്തുണയിലാണ് സ്ത്രീകൾക്കെതിരായ ഈ കൂട്ടായ ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഒരേ സമയം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ തേഡ് റേറ്റ് സൈബർ ക്രിമിനലുകളെ നിലക്ക് നിർത്തണമെന്നും ബൽറാം ആവശ്യപ്പെട്ടു.

പ്രസ്ഥാനത്തിന്റെ കൊടി പിടിക്കുകയും, നാവായി മാറുകയും ചെയ്യുന്നവരെ പ്രസ്ഥാനം ചേർത്ത് പിടിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ബിന്ദു ചേച്ചിയും, ഗൗരിയും, ഗ്രീഷ്മയും, തസ്രീന ടീച്ചറും തൊട്ട് എണ്ണിയാലൊടുങ്ങാത്ത പേരുകൾ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം സൈബറിടത്തിൽ നന്നായി പറയുന്നവരാണ്. അവർ പറയുന്ന രാഷ്ട്രീയത്തിന് സിപിഎം ബദൽ വയ്ക്കുന്നന്നത് ലൈഗീംകാധിക്ഷേപം നിറഞ്ഞ വാക്കുകളിലൂടെയാണ്. അതാണ് അവരുടെ പൈതൃകവും സംസ്കാരവുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ വിമർശിച്ചു.

കോൺഗ്രസിലെ പെൺകുട്ടികളുടെ ചിത്രങ്ങളും അശ്ലീല കമന്റുകളും പ്രചരിപ്പിച്ച് അവരുടെ നാവടക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതങ്ങ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് ഇടയിൽ തിരുകി വച്ചാൽ മതിയെന്നു ഡോ.പി.സരിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here