തിരുവനന്തപുരം: നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ പരാതി നല്‍കി. കെ കെ രമ, ഉമാ തോമസ്, ടിവി ഇബ്രാഹിം, സനീഷ് കുമാര്‍, എ കെ എം അഷ്‌റഫ് എന്നിവരാണ് സ്പീക്കറിന് പരാതി നല്‍കിയത്. വാച്ച് ആന്‍ഡ് വാര്‍ഡ് തങ്ങളെ മര്‍ദിച്ചു, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം നിയമസഭയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ 8 മണിക്കാണ് യോഗം.
നിയമസഭയില്‍ ഇന്ന് നടന്ന സംഘര്‍ഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തല്‍. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന സൂചനകളാണ് വരുന്നത്.
കയ്യാങ്കളിയില്‍ യുഡിഎഫ് എം.എല്‍.എമാര്‍ക്കെതിരെ വിമര്‍ശനവുമായി കേരള പൊലീസ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടന്ന ആക്രമണം ഗൗരവതരമാണ്. നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കും വിധം കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷന്‍ പരാതി നല്‍കി.
അടിയന്തിരപ്രമേയ നോട്ടീസ് തുടര്‍ച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആന്റ് വാ!ര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണപക്ഷ എംഎല്‍എമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ കെ കെ.രമ, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാര്‍ക്കും വനിതകളടക്കം 8 വാച്ച് ആന്റ് വാര്‍ഡിനും പരുക്കേറ്റിരുന്നു.