തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുന്നു; ശരീരം നിശ്ചലമാകുന്ന അവസ്ഥ’; ശബ്ദസന്ദേശവുമായി മഅ്ദനി

0
207

ബെംഗളൂരു: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ ആഴ്ചകൾക്കുമുൻപ് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന മഅ്ദനി രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇടത്തേ കണ്ണിന്റെ മുകൾ ഭാഗം മുതൽ താഴെ പല്ലുകളും താടിയെല്ലിലുമെല്ലാം അതികഠിനമായ വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വൃക്കയുടെ സ്ഥിതി ഗുരുതരമായതിനാൽ ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ കഴിക്കാൻ പറ്റില്ലായിരുന്നു. എന്നാൽ, വേദന രൂക്ഷമായതിനെ തുടർന്ന് ആന്റിബയോട്ടിക്കും വേദനാസംഹാരികളും കഴിക്കേണ്ടിവന്നു.

ഇതിനു പിന്നാലെയാണ് പക്ഷാഘാതംപോലെ മുഖം കോടുകയും വലതു കൈയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതെന്ന് മഅ്ദനി ശബ്ദസന്ദേശത്തിൽ അറിയിച്ചു. തുടർച്ചയായി പക്ഷാഘാതലക്ഷണങ്ങളുള്ള അവസ്ഥയുണ്ടായി. ന്യൂറോളജിസ്റ്റിനെ കാണിക്കുകയും എം.ആർ.ഐ എടുക്കുകയും ചെയ്തു. എം.ആർ.ഐ റിസൽറ്റിൽനിന്നാണ് നിലവിലെ സ്ഥിതി ഗുരതരമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അറിയിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുകയും ചുരുങ്ങുകയും ചെയ്യുന്ന ഇന്റേണൽ കരോട്ടിഡ് ആർട്ടറി എന്ന പേരിലുള്ള രോഗമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

എത്രയും വേഗം വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇല്ലെങ്കിൽ ശരീരം നിശ്ചലമാകും. എന്നാൽ, ശസ്ത്രക്രിയയ്ക്കു പറ്റിയ അവസ്ഥയിലല്ല വൃക്കയുള്ളത്. അപകടസാധ്യത കൂടുതലുള്ള അവസ്ഥയിലാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും മഅ്ദനി ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു.

ദീർഘകാലങ്ങളായി ഉയർന്ന അളവിൽ തുടരുന്ന പ്രമേഹവും രക്തസമ്മർദവും മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയർന്നുതന്നെ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സമയവും ശക്തമായ തണുപ്പ് ശരീരത്തിൽ അനുഭവപ്പെടുന്നുണ്ട്. കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതൽ ദുർബലമാവുകയും ചെയ്യുന്നു. ഒൻപത് മാസങ്ങൾക്കുമുൻപ് മഅ്ദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here