വേനലിനൊപ്പം വ്യാപകമായി ചിക്കന്‍ പോക്‌സും; കാസര്‍ഗോട്ട് 70 ദിവസത്തില്‍ 469 രോഗബാധിതര്‍

0
206

കാഞ്ഞങ്ങാട്: കനത്ത ചൂടിനൊപ്പം ജില്ലയില്‍ ചിക്കന്‍പോക്സ് രോഗവും വ്യാപിക്കുകയാണ്. ജനുവരിമുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാര്‍ച്ച് മാസത്തില്‍ മാത്രം 84 പേര്‍ ചികിത്സതേടി.

ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് നിര്‍ദേശിച്ചു. പരീക്ഷാകാലമായിതിനാല്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നും ഡി.എം.ഒ. അഭ്യര്‍ഥിച്ചു.

രോഗബാധിതരായ കുട്ടികളെ പൊറ്റകള്‍ കൊഴിഞ്ഞുപോകുന്നതുവരെ സ്‌കൂളില്‍ വിടാതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പരീക്ഷയെഴുതുന്ന രോഗം ബാധിച്ച കുട്ടികള്‍ക്കായി വായുസഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കേണ്ടതാണ്. രോഗം ബാധിച്ച കുട്ടികള്‍ പരീക്ഷയെഴുതാന്‍ പോകുമ്പോള്‍ പൊതുഗതാഗതം ഉപയോഗിക്കരുത്.

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here