പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കാനാകുമോ ? ഇനി അതിനും സാധിച്ചേക്കും

0
257

ടോക്കിയോ :  പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുമോ? തല്‍ക്കാലത്തേക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നായിരുക്കും ഉത്തരം. എന്നാല്‍ അതിനുള്ള സാധ്യതയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം എത്തിയിരിക്കുന്നത്. പുരുഷ കോശങ്ങളില്‍ സ്ത്രീയുടെ അണ്ഡം ഉത്പാദിപ്പിച്ച് ഇതിന് കഴിയുമെന്നാണ് എലികളില്‍ നടത്തിയ വിജയകരമായ പരീക്ഷണം തെളിയിക്കുന്നത്.  പെണ്‍ എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍ നിന്ന് ഒരു എലിയെ വിജയകരമായി സൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്രലോകം. മനുഷ്യന്റെ ലിംഗ സാധ്യതകളെ ആകെ മാറ്റി മറിക്കുന്ന രീതിയിലുള്ള പരീക്ഷണമാണ് ഇപ്പോള്‍ ജപ്പാനില്‍ നടന്നത്. വന്ധ്യതാ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോരുന്ന മാറ്റമായിരിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ജപ്പാനിലെ ക്യുഷു സര്‍വകലാശാലയില്‍ കാട്സുഹികോ ഹയാഷി എന്ന ശാസ്ത്രജ്ഞന്റെ  നേതൃത്വത്തില്‍ നടത്തിയ പരീക്ഷണമാണ് ഫലം കണ്ടത്. മനുഷ്യന്റെ ജീന്‍ എഡിറ്റിംഗ് സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര ഉച്ചകോടിയിലാണ് ഇദ്ദേഹം തന്റെ ആശയം ആദ്യമായി അവതരിപ്പിച്ചത്. പത്ത് വര്‍ഷത്തിനുള്ളില്‍ പുരുഷ കോശങ്ങളില്‍ നിന്ന് അണ്ഡം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. പിന്നീട് നടത്തിയ പരീക്ഷണങ്ങളാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്.
മനുഷ്യരില്‍ പരീക്ഷണം നടത്താനും പുരുഷ കോശങ്ങളില്‍ നിന്നും അണ്ഡത്തെ വികസിപ്പിക്കാനുമാണ് അടുത്ത പടിയായി ഹയാഷിയുടെ സംഘം പദ്ധതി ഇട്ടിരിക്കുന്നത്. പുരുഷ കോശങ്ങളില്‍ തന്നെ അണ്ഡോത്പാദനം നടത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ പരീക്ഷണത്തെ വേറിട്ടു നിര്‍ത്തുന്നത്. നേരത്തെ ജനിറ്റിക് എഞ്ചിനീയറിംഗ് ഉള്‍പ്പടെയുള്ള ചില സാങ്കേതിക വിദ്യകളിലൂടെ ആണ്‍ എലികളില്‍ നിന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ആണ്‍ കോശങ്ങളില്‍ അണ്ഡം വളര്‍ത്തിയെടുത്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here