ലക്‌നൗ: ഭർത്താവിന്റെ വീട്ടിലെത്താൻ ദൂരം കൂടുതലാണെന്ന് മനസിലാക്കിയ വധു വിവാഹം ഉപേക്ഷിച്ച് തിരികെ സ്വന്തം വീട്ടിലേയ്ക്ക് പോയി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജാണ് സ്വന്തം സ്ഥലമെന്നായിരുന്നു യുവാവ് വധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രയാഗ്‌രാജല്ല, മറിച്ച് രാജസ്ഥാനാണ് യുവാവിന്റെ നാടെന്ന് വധു മനസിലാക്കുന്നത്. പിന്നീട് നാടകീയ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ രവി എന്ന യുവാവുമായിട്ടായിരുന്നു യുവതിയുടെ വിവാഹം. വാരണാസിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹം കഴിഞ്ഞ് നവദമ്പതികളും ബന്ധുക്കളും ഭർതൃഗൃഹത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ കാൺപൂരിലെ പെട്രോൾ പമ്പിൽ ബസ് നിർത്തിയപ്പോൾ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് യുവതി ഇത്രയും ദൂരം യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞ് കരഞ്ഞു. ചകേരി എ സി പി അമർനാഥാണ് സംഭവം പുറത്തറിയിച്ചത്.
‘കഴിഞ്ഞ ഏഴുമണിക്കൂറായി വാരണാസിൽ നിന്ന് യാത്ര ചെയ്യുകയാണ്. എന്നിട്ടും ഭർതൃവീട്ടിൽ എത്തിയില്ല. ഞാൻ പൂർണമായും തളർന്നു. എനിക്കിപ്പോൾ രാജസ്ഥാനിലേയ്ക്ക് പോകാൻ താത്പര്യമില്ല. എനിക്കത്രയും ദൂരം പോകാനാകില്ല’- അവിടെയെത്തിയ എ സി പിയോട് യുവതി കരഞ്ഞുപറഞ്ഞു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്‌ടറോട് എ സി പി നിർദേശിച്ചു.
എന്നാൽ യുവതിയുടെ വീട്ടുകാർക്ക് തന്റെ സ്വദേശം രാജസ്ഥാനാണെന്ന് അറിയാമായിരുന്നെന്നാണ് വരൻ പൊലീസിനോട് പറഞ്ഞത്. ശേഷം യുവതിയുടെ മാതാവിനെ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം അറിയില്ലായിരുന്നെന്നാണ് അവർ പറഞ്ഞത്. മകളെ വാരണാസിയിലേയ്ക്ക് തിരിച്ചയയ്ക്കാനും മാതാവ് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് വധുവിനെ തിരിച്ചയയ്ക്കുകയും വരൻ മടങ്ങിപ്പോവുകയും ചെയ്തു.