ചെന്നൈ: ബിജെപിക്ക് വൻ തിരിച്ചടി നല്‍കി തമിഴ്നാട്ടില്‍ ഭാരവാഹികളുടെ കൂട്ടരാജി. തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികളാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ചെന്നൈ വെസ്റ്റ്ഡിവിഷനിലെ ഐടി വിംഗ് ജില്ലാ പ്രസിഡന്റ് അൻപരശനും 13 സെക്രട്ടറിമാരുമാണ് പാർട്ടി വിട്ടത്. കഴിഞ്ഞദിവസം ബിജെപി ഇന്റലക്ച്വൽ വിംഗ് സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണനടക്കം നിരവധി പ്രവർത്തകർ അണ്ണാ ഡിഎംകെയിൽ ചേർന്നിരുന്നു.
Also Read -ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ !
എടപ്പാടി പളനിസ്വാമിയെ സന്ദർശിച്ചതിന് ശേഷമാണ് ഇവർ അണ്ണാ ഡിഎംകെ അംഗത്വം സ്വീകരിച്ചത്. അതിന് പിന്നാലെയാണ് വീണ്ടും കൂട്ടത്തോടെ ബിജെപി ഭാരവാഹികൾ പാർട്ടി വിട്ടതെന്നുള്ളതാണ് ശ്രദ്ധേയം. വർഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഒരു പദവിയും പ്രതീക്ഷിച്ചിട്ടില്ലെന്ന് ജനങ്ങൾക്കറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർട്ടിയിൽ നിലനിൽക്കുന്ന അസാധാരണ സാഹചര്യം കണക്കിലെടുത്താണ് പാർട്ടിയിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതെന്ന് അൻപരശൻ പറഞ്ഞു.
Also Read -ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ !
ഭാരവാഹികളുടെ കൂട്ട രാജിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈയും അണ്ണാ ഡിഎംകെ നേതൃത്വവും തമ്മിൽ ട്വിറ്ററിൽ വാക് യുദ്ധവും തുടങ്ങിയിട്ടുണ്ട്. ബിജെപി പ്രവർത്തകരെ അടർത്തിമാറ്റാനാണ് ചില വലിയ ദ്രാവിഡ കക്ഷികൾ ശ്രമിക്കുന്നതെന്ന് അണ്ണാമലൈ പരിഹസിച്ചു. ഇത് ബിജെപിയുടെ വളർച്ചയ്ക്ക് തെളിവാണ്. നോട്ടയെക്കാൾ കുറച്ച് വോട്ട് വാങ്ങിക്കൊണ്ടിരുന്ന ബിജെപിക്ക് 2021ൽ എംഎൽഎമാരെ കിട്ടിയത് അണ്ണാ ഡിഎംകെ സഖ്യത്തിൽ ചേർന്നതിന് ശേഷമാണെന്ന് അണ്ണാ ഡിഎംകെ ഐടി വിംഗ് സിങ്കൈരാമചന്ദ്രൻ തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനം മാസങ്ങളായി സഖ്യകക്ഷികളായ അണ്ണാ ഡിഎംകെയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാണ്.
അതേസമയം, തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമത്തിന് ഇരയാകുന്നു എന്ന വ്യാജ വാർത്തയെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട് വിട്ടുപോയ സംഭവത്തില്‍ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹിന്ദി സംസാരിച്ചതിന് പത്ത് ഉത്തരേന്ത്യക്കാരെ തമിഴ്നാട്ടിൽ തൂക്കിക്കൊന്നു എന്നായിരുന്നു ഉത്തർ പ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉംറാവു ട്വീറ്റ് ചെയ്തത്. സ്റ്റാലിന്‍റെ എഴുപതാം പിറന്നാളോഘോഷ ചടങ്ങിൽ തേജസ്വി യാദവിന് ഒപ്പമുള്ള ചിത്രം കൂടി ചേർത്തായിരുന്നു വിദ്വേഷ ട്വീറ്റ് പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ഉത്തർപ്രദേശിലെ ബിജെപി നേതാവടക്കം നാലു പേർക്കെതിരെയും തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു.