രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കാൻ നീക്കം ശക്തമാക്കി ബിജെപി; ‘ശിശുപാല വധത്തിന്’ തയ്യാറെന്ന് പരാതി നൽകിയ എംപി

0
232

ദില്ലി : രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം നാളെ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ശക്തമാക്കാന്‍ ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിക്ക് മുന്‍പിലും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കും.

ശിശുപാല വധത്തിന് തയ്യാര്‍, നിയമത്തിന്‍റെ കൈകള്‍ നീണ്ടതാണ് എന്ന ബിജെപി എം പി നിഷികാന്ത് ദുബൈയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഉന്നമിടുന്നത് അദാനി വിവാദത്തിലേക്കാണ്. നിയമ യുദ്ധത്തിനൊരുങ്ങിക്കൊള്ളൂവെന്ന സന്ദേശമാണ് അവകാശ ലംഘന നോട്ടീസിലെ പരാതിക്കാരനായ നിഷികാന്ത് ദുബൈ നല്‍കുന്നത്. പ്രധാനമന്ത്രിയുമായി അദാനിയെ ബന്ധപ്പെടുത്തി നടത്തിയ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന വിശദീകരണം മാത്രമാണ് രാഹുല്‍ ഗാന്ധി അവകാശ സമിതിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാതെ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക് സഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. പ്രസംഗം രേഖകളില്‍ നിന്ന് മാറ്റിയെങ്കിലും രാഹുലിന്‍റെയും കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാക്കിയിരിക്കുന്നത് ഗുരുതര കുറ്റമാണെന്നും പരാതിക്കാരനായ നിഷികാന്ത് ദുബൈ സമിതിയെ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങലളടക്കം പരിശോധിച്ചാകും രാഹുലിനെ വിളിച്ച് വരുത്തണോ അതോ നടപടിയിലേക്ക് നീങ്ങണോയെന്ന കാര്യത്തില്‍ സമിതി തീരുമാനമെടുക്കുക. ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ സമിതിയിലെ കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ എതിര്‍ത്തിരുന്നു. ഈ വിഷയം തന്നെ നാളെ തുടങ്ങുന്ന സമ്മേളനത്തില്‍ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. അദാനി വിവാദത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ രാവിലെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here