നോമ്പിനുശേഷം ബലിപെരുന്നാൾ ഗൃഹസന്ദർശനം; മുസ്‌ലിം സമ്പർക്ക പരിപാടി പ്രഖ്യാപിച്ച് ബി.ജെ.പി

0
257

കൽപറ്റ: നോമ്പിനുശേഷം വരുന്ന ബലിപെരുന്നാളിന് സംസ്ഥാനത്തെ മുസ്‌ലിം വീടുകൾ സന്ദർശിക്കുമെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി പ്രവർത്തകർ മുസ്‌ലിം വീടുകളിലെത്തി ഈദ് ആശംസകൾ നേരുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.

റമദാൻ വ്രതത്തിനുശേഷമുള്ള ചെറിയ പെരുന്നാളിനെ ബലിപെരുന്നാളെന്ന് തെറ്റിദ്ധരിച്ചാണ് ബി.ജെ.പി നേതാവിന്റെ പരാമർശം. ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദീഖിന്റെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നോബിള്‍ മാത്യുവിന് അബദ്ധം പിണഞ്ഞത്. ‘ഇപ്രാവശ്യം ബലിപെരുന്നാൾ വരികയാണ്; നോമ്പിനുശേഷം. ആ ബലിപെരുന്നാൾ ദിവസം ഈദ് ആശംസകളുമായി മുഴുവൻ മുസ്‌ലിം വീടുകളും സന്ദർശിക്കും.’-നോബിൾ മാത്യു പറഞ്ഞു.

കേരളത്തിൽ ന്യൂനപക്ഷങ്ങളോടുചേർന്ന് ‘മോദിമിത്രങ്ങൾ’ എന്ന പേരിൽ പുതിയ സംഘം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈസ്റ്ററിനും ക്രിസ്മസിനും ക്രിസ്ത്യൻ വീടുകളും പെരുന്നാളിന് മുസ്ലിം വീടുകളും ബി.ജെ.പി പ്രവർത്തകർ സന്ദർശിച്ച് ആശംസ നേരും. വിഷുവിന് ഹിന്ദുവീടുകൾ ന്യൂനപക്ഷങ്ങളും സന്ദർശിക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

‘മോദിയുടെ ഭരണനേട്ടങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതികളുടെ ഗുണഭോക്താക്കളെ കാണുകയും കൂടുതൽ പേർക്ക് അവയുടെ ഉപകാരം നേടിക്കൊടുക്കുകയും ചെയ്യും.’-അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിൽ എല്ലാ ബി.ജെ.പി പ്രവർത്തകരും ഓരോ ക്രിസ്ത്യൻ വീടുകൾ സന്ദർശിച്ച്, കേക്ക് നൽകി ആശംസകൾ നേർന്നിരുന്നു. വരാൻ പോകുന്ന ഈസ്റ്റർ ദിനത്തിലും ബി.ജെ.പി പ്രവർത്തകർ എല്ലാ ക്രിസ്ത്യൻ വീടുകളും സന്ദർശിക്കും. ഇത്തവണ നോമ്പിനുശേഷം ബലിപെരുന്നാൾ വരികയാണ്. ബലിപെരുന്നാൾ ദിവസം മുഴുവൻ മുസ്ലിം വീടുകളിലും ഈദ് ആശംസകളുമായി സന്ദർശിക്കും. വിഷുവിന് തിരിച്ച് ന്യൂനപക്ഷങ്ങൾ ഹൈന്ദവ വീടുകളിലെത്തി ആശംസകൾ നേരും.’

കേരളത്തിൽ പണ്ടുണ്ടായിരുന്ന മതസൗഹാർദം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയും അതിന്റെ ഭാഗമാകുകയാണെന്നും നോബിൾ മാത്യു പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് 15 ശതമാനം വോട്ടാണുള്ളത്. മൂന്നാം ശക്തിയാണിവിടെ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മൂന്നാം ശക്തിക്ക് 15 ശതമാനം വോട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കാറ്റ് അടുത്ത തവണ കേരളത്തിൽകൂടി വന്നാൽ നമുക്ക് ഇവിടെ ഡബിൾ എൻജിൻ സർക്കാരുണ്ടാകും. നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ഒരു സർക്കാർ ഉണ്ടായാൽ ഇവിടെ വികസനം വരുമെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here