പുതുച്ചേരിയില്‍ BJP നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആഭ്യന്തരമന്ത്രിയുടെ ബന്ധു (വീഡിയോ)

0
422

പുതുച്ചേരി: പുതുച്ചേരിയില്‍ ബി.ജെ.പി. നേതാവിനെ വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബി.ജെ.പി. നേതാവുമായ സെന്തില്‍കുമാര(45)നെയാണ് ഏഴംഗസംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുകയായിരുന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘമാണ് ആക്രമിച്ചത്. സെന്തിലിന് നേരേ ആദ്യം പെട്രോള്‍ബോംബെറിഞ്ഞ സംഘം, പിന്നാലെ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊലപാതകവിവരമറിഞ്ഞ് ആഭ്യന്തരമന്ത്രി നമശിവായം ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. ബന്ധുകൂടിയായ സെന്തിലിന്റെ മൃതദേഹം കണ്ടതോടെ അദ്ദേഹം വിങ്ങിപ്പൊട്ടി. വിവരമറിഞ്ഞ് നൂറുകണക്കിന് ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

അതേസമയം, കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പോലീസില്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here