തൃശ്ശൂരിൽ നോട്ടം സുരേഷ് ഗോപിയേക്കാൾ അമിത് ഷായ‌ക്ക്, വന്ന് പോയതിന് പിന്നാലെ 50 ലക്ഷം അനുവദിച്ചു

0
244

തൃശൂർ: തൃശൂരിന്റെ ശിൽപ്പി ശക്തൻ തമ്പുരാനെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ബി.ജെ.പി. ശക്തൻ തമ്പുരാന് ഉചിതമായ സ്മാരകം ഒരുക്കുന്നതിൽ ഇരുമുന്നണികളുടെയും വീഴ്ച തുറന്നുകാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമാധി സ്ഥലത്ത് അമിത് ഷായെ എത്തിക്കുകയും വിപുലമായ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തത്.

സന്ദർശനം കഴിഞ്ഞ് മണിക്കൂറുകൾക്കകം രാജ്യസഭാ എം.പിയും കേരളപ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കറുടെ എം.പി ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് വ്യക്തം.നേരത്തെ ബി.ജെ.പി നേതാക്കൾ മുൻകൈയെടുത്താണ് ശക്തൻ സ്റ്റാൻഡിൽ ശക്തന്റെ പ്രതിമ സ്ഥാപിച്ചത്.

അന്നത്തെ എം.പി പി.സി. ചാക്കോയുടെ സഹായം ഉണ്ടായിരുന്നെങ്കിലും പ്രതിമ സ്ഥാപിച്ചതിന്റെ ക്രെഡിറ്റ് ബി.ജെ.പിക്കായിരുന്നു. ശക്തൻ മത്സ്യ മാർക്കറ്റ് വികസനത്തിന് മുൻ എം.പി സുരേഷ് ഗോപിയുടെ ഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്.കൂടാതെ അമൃത് പദ്ധതിയും കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് 136 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതുമെല്ലാം തിരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

പരീക്ഷണങ്ങൾ വേണ്ടിവരും

കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ എത്തിച്ചിട്ടും ജനങ്ങളിൽ എത്തിക്കുന്നതിൽ ഇടപെടൽ നടത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസത്തെ നേതൃയോഗത്തിൽ അമിത് ഷാ തുറന്നടിച്ചിരുന്നു. ഇഷ്ടക്കാരാണെന്ന് കരുതി പ്രവർത്തിക്കാത്തവരെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ബംഗാളിൽ പാർട്ടി 2018ൽ ചുവടുറപ്പിക്കാൻ അടുത്തിടെ പാർട്ടിയിലേക്ക് വന്നവരെ ജില്ലാ പ്രസിഡന്റുമാരാക്കിയതും അമിത് ഷാ ഓർമ്മിപ്പിച്ചു.

തൃശൂരിൽ അമിത് ഷായ്ക്ക് കണ്ണ്

രാജ്യത്ത് ഇതുവരെ ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങളുടെ മേൽനോട്ടം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദക്കുമാണ്. ഇതിൽ തൃശൂർ നോക്കുന്നത് അമിത് ഷായാണ്. അതിനാൽ രണ്ടുമാസത്തിനകം വീണ്ടും തൃശൂരിൽ എത്തിയേക്കും.

ശക്തൻ സ്മാരകത്തിന് അമ്പത് ലക്ഷം

ശക്തൻ തമ്പുരാൻ സ്മാരകത്തിന് പ്രകാശ് ജാവ്‌ദേക്കറുടെ എം.പി ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ അനുവദിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയപ്പോൾ നേതാക്കൾ ശക്തൻ സ്മാരക നവീകരണ കാര്യം ശ്രദ്ധയിൽപ്പെടുത്തി. ഉടൻ പ്രകാശ് ജാവ്‌ദേക്കറോട് ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സുരേഷ് ഗോപി സജീവമാകും,​ പക്ഷേ…

തൃശൂരിലെ സ്ഥാനാർത്ഥിത്വം സുരേഷ് ഗോപി ഉറപ്പിച്ചെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വം ഒന്നുമല്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ സമീപനം നേതാക്കളിൽ അതൃപ്തിയുണ്ടാക്കുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ ഇഷ്ടക്കാരനെന്ന നിലയിൽ അമർഷം ഉള്ളിലൊതുക്കുകയാണ് സംസ്ഥാന നേതാക്കൾ. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വരുംദിവസങ്ങളിൽ അദ്ദേഹം തൃശൂരിൽ സജീവമായേക്കും. അതിനിടെ പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ് തലവേദനയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here