പട്ന: റമസാൻ നോമ്പുകാലയളവിൽ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവുമായി ബിഹാർ സർക്കാർ. റമസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ ജോലിക്കെത്തിയാൽ ഒരു മണിക്കൂർ മുന്നേ വീട്ടിലേക്ക് മടങ്ങാമെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മുസ്ലീം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യം കണക്കിലെടുത്ത്, റമസാൻ മാസത്തിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരാനും നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ നിന്ന് പോകാനും സർക്കാർ അനുമതി നൽകുന്നു- പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഈ ഇളവ് എല്ലാ വർഷവും റമസാൻ മാസത്തിൽ പ്രാബല്യത്തിൽ വരുമെന്നും സർക്കുലറിൽ പറയുന്നു.
നവരാത്ര വേളയിൽ ഹിന്ദു ജീവനക്കാർക്കും സമാനമായ സർക്കുലർ വേണമെന്ന ആവശ്യവുമായി ബിജെപി
രംഗത്തെത്തി. ചൈതി നവരാത്ര ആഘോഷങ്ങളിലും രാമനവമിയിലും ഹിന്ദു ജീവനക്കാർക്കും സമാനമായ സർക്കുലർ കൊണ്ടുവരണമെന്ന് ബിജെപി നേതാവ് അരവിന്ദ് കുമാർ സിംഗ്, ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, നീക്കത്തെ ആർജെഡിയും ജെഡിയുവും സ്വാഗതം ചെയ്തു. രാജ്യത്തിന്റെ മതേതര ഘടന ശക്തിപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകമാകുമെന്ന് ആർജെഡി നേതാവ് ഇജാസ് അഹമ്മദ് പറഞ്ഞു.
ഈ നടപടിയിലൂടെ മുസ്‌ലിം ജീവനക്കാർക്ക് വൈകുന്നേരം നോമ്പ് തുറക്കാൻ മതിയായ സമയം ലഭിക്കുമെന്നും നിശ്ചിത ജോലി സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരുന്നതിനാൽ ജോലിയെ ബാധിക്കില്ലെന്നും ജനതാദൾ യുണൈറ്റഡ് നേതാവ് സുനിൽ കുമാർ സിംഗ് പ്രതികരിച്ചു.