ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 23ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 22 ബുധനാഴ്ചയാവും ശഅബാൻ മാസം പൂർത്തിയാവുക.
അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി.
മാർച്ച് 21 ചൊവ്വാഴ്ചയായിരിക്കും ന്യൂ മൂൺ പിറക്കുന്നത്. ഖത്തർ സമയം രാത്രി 8.24നായിരിക്കും ഇതെന്ന് ശൈഖ് അബ്ദുല്ല അൽ അൻസാരി കോപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. എന്നാൽ, ഈ ദിവസം ഖത്തറിലും അറബ് രാജ്യങ്ങളിലും നേരത്തെ സൂര്യാസ്തമനം സംഭവിക്കുന്നതിനാൽ ചന്ദ്രപ്പിറവി ദൃശ്യമാകില്ല.