നടുറോഡില്‍ സ്ത്രീകളുടെ അടിപിടി, വീഡിയോ പകര്‍ത്തിയെന്ന് പറഞ്ഞ് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു

0
379

കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വിജിത്തിന്റെ പരാതിയില്‍ കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശി അന്‍സിയക്കെതിരേ പോലീസ് കേസെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അന്‍സിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മില്‍ നടുറോഡില്‍വെച്ച് ഏറ്റുമുട്ടിയിരുന്നു. ഈ സംഘര്‍ഷത്തിന്റെ വീഡിയോ വിജിത്ത് ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. തുടര്‍ന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അന്‍സിയ ഓട്ടോസ്റ്റാന്‍ഡിലെത്തി. എന്നാല്‍ വീഡിയോ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

കമ്പിവടി കൊണ്ട് ഇടതുകൈ തല്ലിയൊടിച്ചശേഷം അന്‍സിയ തയ്യല്‍ക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ വിജിത്തിനെ സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് അന്‍സിയക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ചമുന്‍പുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതേസമയം, രണ്ടുതവണ കേസെടുത്തിട്ടും അക്രമം കാണിച്ച യുവതിക്കെതിരേ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാത്തതിലും അമര്‍ഷമുയരുന്നുണ്ട്.

Courtesy Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here