ബാങ്കുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അക്കൗണ്ടില്‍ നിന്നും പണം എടുക്കുന്നതൊന്നും ഇനി ചിന്തിക്കാന്‍ പോലുമാകില്ല. ആവശ്യമുള്ള പണം, ആവശ്യമുള്ള സമയത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും എടുക്കുന്നത് സര്‍വ്വസാധാരണമാണ്. ഒരു ദിവസം തന്നെ മൂന്നും നാലും തവണ എടിഎം വഴി പണം പിന്‍വലിക്കുന്നവരുമുണ്ട്. ആവശ്യമുള്ള പണം പിന്‍വലിച്ച് കഴിഞ്ഞാല്‍ ബാക്കി തുക അക്കൗണ്ടില്‍ സുരക്ഷിതമാണെന്ന ആശ്വാസത്തിലാണ് ഉപയോക്താക്കള്‍. മാത്രമല്ല, ബാങ്കുകള്‍ നമ്മുടെ പണത്തിന്മേല്‍ പൂര്‍ണ സുരക്ഷ നല്‍കിയാണ് എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ കൈകളില്‍ ഇവ എത്രകണ്ട് സുരക്ഷിതമാണെന്ന് കൂടി നോക്കണം.
എടിഎം കാര്‍ഡ് സ്‌കിമ്മിംഗ്
രാജ്യത്തുടനീളം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവരെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത. ഒരു വ്യക്തിയുടെ എടിഎം ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പണം മോഷ്ടിക്കുന്ന രീതിയാണ് എടിഎം കാര്‍ഡ് സ്‌കിമ്മിംഗ്. സ്‌കിമ്മിങ് ഉപകരണം എടിഎമ്മില്‍ രഹസ്യമായി സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പൊതുസ്ഥലങ്ങളിലുള്ള എടിഎമ്മുകള്‍, മറ്റ് കാര്‍ഡ്-റീഡിംഗ് മെഷീനുകള്‍ എന്നിവയില്‍ സ്ഥാപിച്ചിട്ടുള്ള സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പണം മോഷ്ടിക്കുന്നത് . ഉപയോക്താവ് അവരുടെ കാര്‍ഡ് സ്വയപ്പുചെയ്യുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ പിടിച്ചെടുക്കുന്നതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്.
കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്ന ഭൂരിപക്ഷം ആളുകള്‍ക്കും സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ കണ്ടുപിടിക്കുക ബുദ്ധിമുട്ടുളള കാര്യമാണ്. കാരണം ഇവ ഒറ്റനോട്ടത്തില്‍ ഒരുപക്ഷെ മെഷീന്റെ ഭാഗമാണെന്നേ തോന്നൂ. ഈ ഉപകരണം വഴി ശേഖരിക്കുന്ന ഡാറ്റകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കിയും, അല്ലാത്ത രീതിയിലും പണം മോഷ്ടിക്കുകയാണ് ചെയ്യുന്നത്. എടിഎം പിന്‍ നമ്പറുകള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു ഡമ്മി കീപാഡോ ,ചെറിയ പിന്‍ഹോള്‍ ക്യാമറയോ , കാര്‍ഡ് സൈ്വപ് ചെയ്യുന്ന സ്ഥലങ്ങളില്‍ ഘടിപ്പിച്ചേക്കാം. ചോര്‍ത്തിയ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും സാധിക്കും.ചില കാര്യങ്ങള്‍ ശ്രദ്ധി്ാല്‍ ഒരു പരിധിവരെ വഞ്ചനയില്‍പ്പെടാതെ നോക്കാം.
- കാര്‍ഡ് റീഡര്‍ വഴി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ , ചുറ്റുപാടുകള്‍ നീരിക്ഷിക്കണം.അസ്വാഭാവികമായൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക
- അനധികൃത ഇടപാടുകള്‍ നടന്നോ എ്ന്നറിയാന്‍ ഇടക്കിടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുക
- പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ കൈകൊണ്ട് കീപാഡ് മറച്ചുപിടിക്കുക
- സംശയം തോന്നിയാല്‍ എടിഎം കാര്‍ഡ് ഇടുന്ന സ്ലോട്ടില്‍ മറ്റുപകരണങ്ങള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക
- എടിഎം കാര്‍ഡില്‍ പിന്‍ നമ്പര്‍ എഴുതരുത്
- മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പിന്‍ നമ്പര്‍ ഉപയോഗിക്കാതിരിക്കുക