വാഹനാപകട കേസിൽ ജയിലിലായ ഇന്ത്യക്കാരനെ രണ്ട് കോടി രൂപ നൽകി മോചിപ്പിച്ചത് സൗദി സ്വദേശി

0
261

ജിദ്ദ: നാല് സൗദി പൗരന്‍മാരുടെ ജീവൻ നഷ്ടമായവാഹനാപകട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇന്ത്യന്‍ പൗരനെ മോചിപ്പിക്കാന്‍ ഒരു മില്യൺ റിയാലോളം നല്‍കി സഹായിച്ചത് സൗദി സ്വദേശിയായ യുവാവ്. വലിയൊരു തുക ബ്ലഡ് മണി നല്‍കിയാണ് ഇദ്ദേഹം ഇന്ത്യാക്കാരനായ ഡ്രൈവറെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.

അവദേഷ് സാഗര്‍ എന്ന അമ്പത്തെട്ടുകാരനാണ് ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്. യുപിയിലെ ജോന്‍പൂര്‍ സ്വദേശിയാണ് ഇദ്ദേഹം. വാഹനാപകട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇദ്ദേഹം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം പുറം ലോകം കാണുന്നത്. തന്റെ മോചനത്തിനായി സഹായിച്ച എല്ലാവര്‍ക്കും ദൈവത്തിനും നന്ദി അറിയിക്കുന്നുവെന്നാണ് അവദേഷ് ജയിലില്‍ നിന്ന് പുറത്തെത്തിയ ശേഷം പറഞ്ഞത്.

അവദേഷ് നന്ദി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഹാദി ഹമൗദ് ഖൈതാനി എന്ന സൗദി യുവാവാണ് ഇദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. ഇദ്ദേഹത്തോടൊപ്പമുള്ള അവദേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തന്നെ മോചിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നാണ് അവദേഷ് വീഡിയോയിലൂടെ പറയുന്നത്.

2020 മാര്‍ച്ച് 13നാണ് അവദേഷിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. 1976 മോഡല്‍ ടാങ്കര്‍ ലോറിയാണ് അവദേഷ് കുമാര്‍ ഓടിച്ചിരുന്നത്. ടാങ്കര്‍ ലോറി കാറിലിടിച്ച് 4 സൗദി സ്വദേശികളാണ് മരിച്ചത്. മൂന്ന് സ്ത്രീകളും ഒരു ഭിന്നശേഷിക്കാരനുമാണ് കൊല്ലപ്പെട്ടത്.

അവദേഷിന് മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറും രക്ഷയ്‌ക്കെത്തിയിരുന്നില്ല. തുടര്‍ന്ന് റിയാദിലെ തായ്ഫ് റോഡിലെ അല്‍ കുവയ്യ ഗ്രാമത്തിലെ ജയിലിലേക്കാണ് അവദേഷിനെ മാറ്റിയത്.

തുടര്‍ന്ന് ദിയ അഥവാ ബ്ലഡ് മണിയായി 945,0000 റിയാൽ (ഏകദേശം 2 കോടിയോളം രൂപ) നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

എന്നാല്‍ അത്രയും പണം നല്‍കാനുള്ള ശേഷി അവദേഷിന് ഇല്ലായിരുന്നു. ശിക്ഷ അനുഭവിക്കാന്‍ തന്നെ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു.

പിന്നീട് കേസിന്റെ വിവരങ്ങളറിഞ്ഞ ഹാദി ഹമൗദ് ഖൈതാനി അവദേഷിനെ മോചിപ്പിക്കാനായി രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കുകയായിരുന്നു ഹാദിയുടെ ലക്ഷ്യം.

തുടര്‍ന്ന് പണം പിരിക്കുന്നതിന് സൗദിയിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും ഹാദി സമ്മതം വാങ്ങിയിരുന്നു. അനുമതി ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ കേസിന് ആവശ്യമായ പണം ലഭിക്കുകയും ചെയ്തു. ഇതിലൂടെയാണ് അവദേഷിനെ മോചിപ്പിക്കാന്‍ കഴിഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here