ബീഹാറിലെ സരൺ ജില്ലയിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 56 കാരനെ തല്ലിക്കൊന്നു. നസീം ഖുറേഷി എന്നയാളെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇരയിൽ നിന്ന് ബീഫ് പിടിച്ചെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സിവാൻ ജില്ലയിലെ ഹസൻപൂർ ഗ്രാമത്തിലെ താമസക്കാരനായിരുന്നു 56 കാരനായ നസീം ഖുറേഷി. ചൊവ്വാഴ്ച നസീമും അനന്തരവൻ ഫിറോസ് ഖുറേഷിയും സരൺ ജില്ലയിലെ ജോഗിയ ഗ്രാമത്തിൽ ബന്ധുക്കളെ കാണാൻ പോകുമ്പോഴായിരുന്നു സംഭവം. ജോഗിയ ഗ്രാമത്തിൽ വച്ച് ഒരു സംഘം ആളുകൾ ബാഗിൽ ബീഫ് കൊണ്ടുപോകുന്നുവെന്നാരോപിച്ച് ഇരുവരെയും തടഞ്ഞുനിർത്തി.
ഫിറോസ് രക്ഷപ്പെട്ടെങ്കിലും നസീമിനെ ജനക്കൂട്ടം പിടികൂടി മർദ്ദിക്കുകയും പിന്നീട് ലോക്കൽ പൊലീസിന് കൈമാറുകയും ചെയ്തു. മർദ്ദനത്തിൽ അവശനായ നസീമിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.