പൈവളിഗെയിൽ പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു

0
325

പൈവളിഗെ: ഒന്നര വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ ഏഴ് പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു. പൈവളിഗെ മാണിപ്പാടി ബീടുബയലിലെ ഡോ.എം. നാരായണ ഭട്ടിന്റെ ഭാര്യ വെങ്കിടേശ്വരി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൈവളിഗെ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് പ്രഭാത സവാരിക്കിടെ അമിത വേഗതയില്‍ വന്ന ബൈക്കിടിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വെങ്കിടേശ്വരി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മംഗളൂരുവിലെ വിവിധ കോടതികളില്‍ അഭിഭാഷകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനിടെ ഈ ഭാഗത്ത് വിവിധ വാഹനാപകടങ്ങളിലായി ഏഴ് പേരാണ് മരിച്ചത്. കന്യാന-ബായാര്‍ റോഡിന് 5 മീറ്റര്‍ വീതി മാത്രമാണുള്ളത്. നങ്കരപ്പദവ്, ചേവാര്‍ റോഡ് മലയോര ദേശീയപാതയില്‍ ലയിച്ചതോടെ 9 മീറ്റര്‍ വീതിയാണുള്ളത്. വീതി കുറഞ്ഞ റോഡുകളില്‍ നിന്ന് വാഹനങ്ങള്‍ മറ്റു റോഡുകളിലേക്ക് പ്രവേശിക്കുമ്പോഴാണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. വാഹനങ്ങള്‍ തമ്മില്‍ കൂടിയിടിച്ചുള്ള അപകടങ്ങള്‍ നിത്യസംഭവമായി മാറുന്ന സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും ചില സംഘടനകളും ബന്ധപ്പെട്ടവര്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കയാണ്. ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here