ദില്ലി: ചൂട് കുടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ട്രെയിൻ യാത്രകൾ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. എസി ക്ലാസിന്റെ ടിക്കറ്റ് നിരക്കുകൾ കൂടുതലായതിനാൽ പലരും സ്ലീപ്പർ കംപാർട്‌മെന്റുകൾ തന്നെ ആശ്രയിക്കും. എന്നാൽ എസി-ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് കൊണ്ട് ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത നൽകുകയാണ് ഇന്ത്യൻ റെയിൽവെ. പുതുക്കിയ നിരക്കുകൾ മാർച്ച് 22 മുതൽ പ്രാല്യത്തിൽ വന്നുകഴിഞ്ഞു. മാത്രമല്ല, എ സി ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത്‌പോയവർക്ക് പുതുക്കിയ നിരക്ക് അനുസരിച്ച് റീഫണ്ട് ലഭിക്കുകയും ചെയ്യും.
യാത്രികർക്ക് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ റെയിൽവെ എസി -ത്രീ ടയർ ഇക്കണോമി കോച്ചുകൾ തുടങ്ങിയത്. സാധാരണ എസി-ത്രീ ടയറിനെ അപേക്ഷിച്ച് ആറ് മുതൽ ഏഴ് ശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ് നിരക്ക്. എന്നാൽ 2022 ൽ എസി ത്രീ ടയർ നിരക്കുകൾ ഇക്കണോമി ക്ലാസിന് സമാനമായി പരിഷ്‌കരിച്ചിരുന്നതിലാണ് നിലവിൽ നിരക്ക് കുറച്ച് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഒരു എസി 3 ടയർ കോച്ചിന് 72 ബെർത്തുകളുണ്ടെങ്കിൽ, എസി 3 ടയർ ഇക്കോണമിക്ക് ക്ലാസിൽ 80 ബെർത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആരംഭിച്ച ആദ്യ വർഷം തന്നെ എസി-3 ടയർ ഇക്കോണമി ക്ലാസിൽ നിന്ന് 231 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ വരുമാനയിനത്തിൽ നേടിയത്.കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ മാത്രം 15 ലക്ഷം യാത്രക്കാർ എ സി ത്രീ ടയർ ഇക്കണോമി കോച്ചുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ മാത്രം 177 കോടി രൂപ വരുമാനമായി റെയിൽവെയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് ലാഭം നേടാനായുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽേവെ രണ്ട് വർഷം മുൻപ് എക്‌സ്പ്രസ് ട്രെയിനുകളിലുളള തേർഡ് എ.സി കോച്ച്, ത്രീ ടയർ എക്കണോമി ക്ലാസായി ഉയർത്തിയത്. സൗകര്യങ്ങൾ വർധിപ്പിച്ചതിനൊപ്പം ബെർത്തുകളുടെ എണ്ണം 83 ആയി ഉയർത്തിയിരുന്നു. ത്രീ-ടയർ എ.സി കോച്ചുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന വർഷങ്ങളായി ആവശ്യമുയർന്ന സാഹചര്യത്തിലാണ് തേഡ് എ.സിയിലെ സൗകര്യങ്ങൾ എക്കണോമി ക്ലാസായി ഉയർത്തിയത്്. രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങൾക്ക് പുറമെ ഭിന്നശേഷി സൗഹൃദകരമാണ് ത്രീ ടയർ എസി കോച്ചുകൾ.