പാർക്ക് ചെയ്ത സിറ്റി ബസ് കത്തി, ഉള്ളിൽ ഉറങ്ങിക്കിടന്ന കണ്ടക്ടർക്ക് ദാരുണാന്ത്യം

0
193

ബെംഗളൂരു: നിർത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടർ വെന്തുമരിച്ചു. ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയമർന്നത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 4.45ഓടെയായിരുന്നു സംഭവം. ബസ് പാർക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവർ  പ്രകാശ് ബസ് സ്റ്റാൻഡിലെ ബസ് ജീവനക്കാർക്കായുള്ള ഡോർമിറ്ററിയിൽ വിശ്രമിക്കാൻ പോയി.

എന്നാൽ ബസിനുള്ളിൽ ഉറങ്ങാനാണ് മുത്തയ്യ തീരുമാനിച്ചതെന്നു ബിഎംടിസി പത്രക്കുറിപ്പിൽ അറിയിച്ചു. പുലർച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു.  ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. കത്തി നശിച്ച ബസ് 2017 മുതൽ ഇതുവരെ 3.75 ലക്ഷം കിലോമീറ്റർ സർവീസ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here