9 വര്‍ഷത്തിനിടയില്‍ പിറന്ന 3 കുട്ടികള്‍ക്കും ഒരേ ജന്മദിനം, അത്യപൂര്‍വ്വതയ്ക്ക് സാക്ഷിയായി മലയാളി ദമ്പതികള്‍

0
529

അബുദാബി: ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം മക്കള്‍ക്ക് ജന്മം നല്‍കി പ്രവാസി വനിത. കണ്ണൂര്‍ സ്വദേശിനിയായ ഹലീമ മുസ്തഫയ്ക്കും തയ്സീര്‍ അബ്ദുള്‍ കരീമിനുമാണ് ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം തന്നെ കുഞ്ഞുങ്ങളുണ്ടായത്. മാര്‍ച്ച് 14 എന്ന് പറയുന്നത് തങ്ങളുടെ വിശേഷപ്പെട്ട ദിവസമെന്നാണ് ഇരുവരും പ്രതികരിക്കുന്നത്. 2014 മാര്‍ച്ച് 14നാണ് മകള്‍ തനിഷ തഹാനി ജനിക്കുന്നത്. 2018ല്‍ മകനായ മുഹമ്മദ് എമിന്‍ ജനിച്ചു. 2023 മാര്‍ച്ച് 14നാണ് മകനായ ഹൈസിന്‍ ഹമ്മദ് ജനിക്കുന്നത്.

മക്കളുടെ പിറന്നാള്‍ ഒരേ ദിവസമായതിലുള്ള ആഹ്ളാദം മറച്ചുവയ്ക്കുന്നില്ല ഈ ദമ്പതികള്‍. ദൈവത്തിന്‍റെ അനുഗ്രഹമാണ് ഇത്തരമൊരു അപൂര്‍വ്വ സംഭവത്തിന് കാരണമായതെന്നാണ് ദമ്പതികളുടെ പ്രതികരണം. ഈ അപൂര്‍വ്വത വിശ്വസിക്കാനാവുന്നില്ലെന്നാണ് ഹലീമയുടെ പ്രതികരണം. റമദാന്‍ മാസം തങ്ങളുടെ കുടുംബത്തിന് കൂടുതല്‍ പ്രത്യേകതയുള്ളതായി മാറിയെന്നാണ് കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ പറയുന്നത്. മൂത്ത കുട്ടിക്ക് 9 വയസാണ് നിലവിലെ പ്രായം രണ്ടാമന് അഞ്ചും നവജാത ശിശുവിന് രണ്ട് ആഴ്ചയുമാണ് പ്രായം. കുട്ടികളുടെ ജനന തിയതിയൊന്നും എത്ര പ്ലാന്‍ ചെയ്താലും ഒരേ ദിവസങ്ങളില്‍ തന്നെയാവണമെന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലില്‍ കാറ്റഗറി മാനേജരായി ജോലി ചെയ്യുകയാണ് തയ്സീര്‍. മൂത്ത കുട്ടി കേരളത്തില്‍ വച്ചാണ് ഉണ്ടായത്. ആണ്‍കുട്ടികള്‍ രണ്ട് പേരും അബുദാബിയില്‍ വച്ചുമാണ് ഉണ്ടായത്. കഴിഞ്ഞ 16 വര്‍ഷത്തോളമായി അബുദാബിയിലാണ് തയ്സീര്‍ ജോലി ചെയ്യുന്നത്. ഒരേ ദിവസം പിറന്ന കുട്ടികളുടെ റെക്കോര്‍ഡ് നിലവിലുള്ളത് അഞ്ച് കുട്ടികളുള്ള ഒരു കുടുംബത്തിനാണ്്. 1966ലാണ് ഈ റെക്കോര്‍ഡ്. 17 ബില്യണില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന അപൂര്‍വ്വതയ്ക്കാണ് പ്രവാസി ദമ്പതികള്‍ സാക്ഷിയായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here