ദേശീയപാത 66: ആദ്യ റീച്ചിലെ 11 കിലോമീറ്റർ ആറുവരിപ്പാത തയാർ; ചെലവ് 1703 കോടി

0
347

കാസർകോട് ∙ ദേശീയപാത 66 ആറു വരി വികസനത്തിലെ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള പാതയിൽ 39 കിലോ മീറ്ററിൽ 11 കിലോ മീറ്ററും പണി പൂർത്തിയായി. ഈ റീച്ചിലെ പണി 35 ശതമാനം പൂർ‌ത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 14നു മുൻപ് 4 കിലോ മീറ്റർ കൂടി പണി പൂർത്തിയാവും. മേയ് അവസാനത്തോടെ മൊത്തം 20 കിലോമീറ്റർ പണി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി മുന്നോട്ടുപോകുന്നത്.

ആദ്യ റീച്ചിലെ പണിയുടെ വിവിധ ഘട്ടങ്ങൾ ചുവടെ:

∙സർവീസ് റോഡ്
ഇരു വശങ്ങളിലായി ആകെ 66 കിലോമീറ്റർ വരുന്ന സർവീസ് റോഡിൽ 22 കിലോ മീറ്റർ ടാറിങ് പൂർത്തിയായി. 15 കിലോമീറ്റർ ടാറിങ് പുരോഗമിക്കുന്നു. ഈ മാസാവസാനത്തോടെ 37 കിലോമീറ്റർ ടാറിങ് പൂർത്തിയാകും.

∙ഫ്ലൈ ഓവർ
കാസർകോട് നഗരത്തിലെ ഫ്ലൈ ഓവർ തൂണുകളിൽ 27 എണ്ണം പൂർത്തിയായി. 3 എണ്ണം പുരോഗമിക്കുന്നു. 3 സ്പാൻ സ്റ്റേജ് പൂർത്തിയായി. 1 സ്പാൻ എങ്കിലും അടുത്ത മാസം കോൺക്രീറ്റ് പൂർത്തിയാകും. ഉപ്പളയിലെ ഫ്ലൈ ഓവർ പണി തുടങ്ങിയിട്ടില്ല.

∙വലിയപാലം
ഷിറിയ, കുമ്പള, ഉപ്പള, മൊഗ്രാൽ പാലങ്ങൾക്ക് തൂൺ നിർമിച്ചു. ഉപ്പള, കുമ്പള പാലങ്ങളുടെ സ്ലാബ് പണി തുടങ്ങി.

∙ചെറിയപാലം
പൊസോട്ട്, കുഞ്ചത്തൂർ പാലങ്ങൾ 75 ശതമാനവും കുക്കാർ 40 ശതമാനവും എരിയാൽ 15 ശതമാനവും പൂർത്തിയായി.

∙അടിപ്പാത
കുഞ്ചത്തൂർ, മാട, മൊഗ്രാൽ, നാലാം മൈ‍ൽ, ആരിക്കാടി, വിദ്യാനഗർ ബിസി റോഡ് എന്നിവിടങ്ങളിൽ അടിപ്പാത പൂർത്തിയായി. മഞ്ചേശ്വരം, പൊസോട്ട്, ഉപ്പള ഗേറ്റ്, ഷിറിയ കുന്ന്, ചൗക്കി, അടുക്കത്ത് ബയൽ എന്നിവിടങ്ങളിൽ പണി 50 ശതമാനം കഴിഞ്ഞു. കുമ്പള 40 ശതമാനവും സന്തോഷ് നഗർ 30 ശതമാനവും പൂർത്തിയായി. ഉപ്പള കൈക്കമ്പ, മൊഗ്രാൽപുത്തൂർ, അണങ്കൂ‍ർ, വിദ്യാനഗർ, നായന്മാർമൂല എന്നിവിടങ്ങളിൽ അടിപ്പാതയുടെ പണി തുടങ്ങിയില്ല.

∙മേൽപാത
ഹൊസങ്കടി 30 ശതമാനം പൂർത്തിയായി.

ഡ്രെയ്നേജ്
66 കിലോമീറ്ററിൽ 51 കിലോമീറ്റർ ചെയ്തു. ബാക്കിയുള്ള 15 കിലോമീറ്റർ ഏപ്രിലിൽ പൂർത്തിയാകും.

∙സംരക്ഷണ ഭിത്തി
66 കിലോമീറ്ററിൽ 35 കിലോമീറ്റർ പൂർത്തിയായി. ബാക്കിയുള്ളത് മേയ് 31 നുള്ളിൽ പൂർത്തിയാക്കും

∙കലുങ്ക്
50 എണ്ണം പൂർത്തിയായി. ആകെ 77 ൽ 71 എണ്ണം പണി തുടങ്ങി.

∙ഗർഡർ
പാലത്തിനു വേണ്ടി 290 ഗർഡറുകൾ കാസ്റ്റ് ചെയ്യണം. 130 എണ്ണം പൂർത്തിയായി. 15 എണ്ണം പണി പുരോഗമിക്കുന്നു.

വൈദ്യുതി, വെള്ളം

2000 വൈദ്യുതി തൂണുകളും 125 ട്രാൻസ്ഫോർമറുകളും മാറ്റാനുള്ള പണി 65 ശതമാനം പൂർത്തിയായി. ബാക്കിയുള്ളതു മേയ് മാസത്തിൽ തീരും. 89 കിലോ മീറ്റർ ജല വിതരണ ലൈൻ മാറ്റാനുള്ളതിൽ 35 ശതമാനം പൂർത്തിയായി.

ആദ്യ റീച്ച് ആകെ ചെലവ് 1703 കോടി; അതിവേഗ പണി ഊരാളുങ്കലിനും നേട്ടം

ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്ന ഭാരത് മാല പദ്ധതിയിൽ കേരളത്തിലെ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള റോഡിലെ 39 കിലോ മീറ്റർ നിർമാണം 1703 കോടി രൂപ ചെലവിൽ. 4 ഘട്ടങ്ങളിലായുള്ള നിർമാണത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ് നിർമാണം.

 ദേശീയപാത തലപ്പാടി – ചെർക്കള ആദ്യ റീച്ചിന്റെ രണ്ടാം ഘട്ട  നിർമാണം പൂർത്തിയായതിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവച്ചപ്പോൾ.
ദേശീയപാത തലപ്പാടി – ചെർക്കള ആദ്യ റീച്ചിന്റെ രണ്ടാം ഘട്ട നിർമാണം പൂർത്തിയായതിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവച്ചപ്പോൾ.

2021 കാലയളവിൽ വിവിധ കമ്പനികൾ നിർമാണം ഏറ്റെടുത്ത 7 റീച്ചുകളിലൊന്നാണ് തലപ്പാടി – ചെങ്കള റീച്ച്. കണ്ണൂർ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിനു കീഴിലുള്ള 4 പാക്കേജുകളിൽ 2 ാം ഘട്ടം ആദ്യം പൂർത്തിയാക്കുന്നത് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത പദ്ധതിയിലാണ്. ദേശീയപാത അതോറിറ്റിക്കു കീഴിൽ സൊസൈറ്റി നടത്തുന്ന ആദ്യ നിർമാണമാണ് ഇത്.

രണ്ടാം ഘട്ടം നിർമാണം പൂർത്തിയാക്കിയത് ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത ചടങ്ങിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ചെയർമാൻ രമേശൻ പാലേരി, ദേശീയപാത സൈറ്റ് എൻജിനീയർ ഹർകേഷ് മീണ, എൻജിനീയർ ടീം ലീഡർ ശൈലേഷ് കുമാർ സിൻഹ, റസിഡന്റ് എൻജിനീയർ ശങ്കർ ഗണേശ്, സൊസൈറ്റി ഡയറക്ടർമാരായ പി.പ്രകാശൻ, പി.കെ. സുരേഷ് ബാബു, കെ.ടി. രാജൻ, കെ.ടി.കെ. അജി, ചെയർമാന്റെ ഉപദേഷ്ടാവ് ജയകുമാർ, സി ഇ ഒ സുനിൽകുമാർ രവി, സിജിഎം റോഹൻ പ്രഭാകർ, സീനിയർ പ്രോജക്ട് മാനേജർ എ.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.2021 കാലയളവിൽ വിവിധ കമ്പനികൾ നിർമാണം ഏറ്റെടുത്ത 7 റീച്ചുകളിലൊന്നാണ് തലപ്പാടി – ചെങ്കള റീച്ച്.

 

LEAVE A REPLY

Please enter your comment!
Please enter your name here