1000 കോടി പിരിക്കണം; മോട്ടോർവാഹന വകുപ്പിനോട് സർക്കാർ

0
296

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് സർക്കാറിന്റെ ടാര്‍ഗറ്റ്. എന്നാല്‍ സ്വന്തം വാഹനം പോലും നിരത്തിലിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് എം.വി.ഡി. ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നൽകി.

ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മോട്ടോര്‍ വാഹന വകുപ്പിനെ മാറ്റുകയാണ് സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷത്തേക്കും ഉയര്‍ന്ന ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കി. പക്ഷേ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് ആകെ 44.07 കോടിയാണ്. ഡീസല്‍ അടിക്കാനാകാതെ പലപ്പോഴും വാഹനങ്ങള്‍ ഒതുക്കിയിടേണ്ട സ്ഥിതി. ഒരു ലക്ഷം രൂപക്ക് മുകളില്‍ കുടിശിക വന്നാല്‍ പമ്പുകള്‍ ഇന്ധനവിതരണം നിര്‍ത്തും. എറണാകുളം, കൊല്ലം അടക്കം പല ജില്ലകളിലെയും എം.വി.ഡി ഓഫീസുകളുടെ കുടിശിക പരിധി ഒരു ലക്ഷം കവിഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുണ്ടെങ്കിലും എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് വകുപ്പ് നേരത്തെ തന്നെ സര്‍ക്കാരിനെ പരാതി അറിയിച്ചതാണ്. റോഡ് സേഫ്റ്റി പദ്ധതികളെ താളം തെറ്റിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഫണ്ട് ക്ഷാമം. റോഡ് സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍‌, കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here