ആറ് മാസത്തില്‍ ടോള്‍ പ്ലാസയും ഇല്ലാതാകും, വാഹനം നിര്‍ത്താതെ തന്നെ ടോള്‍ നല്‍കാം

0
281

വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഫാസ്റ്റാഗ് സംവിധാനം ടോള്‍ പ്ലാസയിലെ കാത്തിരിപ്പ് വലിയ തോതില്‍ കുറച്ച ഒന്നായിരുന്നു. 2019-ല്‍ നടപ്പാക്കിയ ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാക്കിയിട്ടുമുണ്ട്. എന്നാല്‍, ടോള്‍ പിരിക്കുന്നത് വീണ്ടും ഹൈടെക്ക് ആക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ടോള്‍ പിരിവ് സംവിധാനം ഒരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നിരത്തുകളില്‍ നിന്ന് ടോള്‍ ബൂത്തുകള്‍ നീക്കി പകരം ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്ന സംവിധാനം ഒരുക്കും. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം റോഡ് ഉപയോഗിക്കുന്നവര്‍ പണം നല്‍കിയാല്‍ മതിയെന്നതും ടോള്‍ പ്ലാസ എന്ന ആശയം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നതുമാണ് ഇതിന്റെ പ്രധാന മേന്മയായി അദ്ദേഹം പറയുന്നത്.

അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും നീക്കി ജി.പി.എസ്. അധിഷ്ഠിതമായ ടോള്‍ പിരിവ് സംവിധാനം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹം മുമ്പ് അറിയിച്ചതനുസരിച്ച് ടോള്‍ ഈടാക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ടോളിനുള്ള പണം ഈടാക്കുന്ന സംവിധാനം ഒരുക്കുമെന്നാണ് സൂചന.

ഇതിനുപുറമെ, ടോള്‍ പിരിക്കുന്നതിനായി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്യുന്ന കംപ്യൂട്ടറൈസ്ഡ് സംവിധാനം ഒരുക്കുക എന്ന ആശയവും മന്ത്രി മുന്നോട്ടുവെച്ചിരുന്നു. നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്ത് ടോള്‍ ഈടാക്കുന്ന രീതിയോടാണ് വ്യക്തിപരമായി താന്‍ യോജിക്കുന്നതെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടിരുന്നത്. ഈ രണ്ട് രീതികളും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും ഏറെ വൈകാതെ തന്നെ ഇത് സംബന്ധിച്ച കൃത്യമായി വിവരം വെളിപ്പെടുത്തുമെന്നും മന്ത്രി മുമ്പ് അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് ഫാസ്റ്റാഗ് സംവിധാനത്തിലൂടെ പ്രതിദിനം 120 കോടി രൂപ ടോള്‍ വരുമാനം ദേശീയപാത അതോറിറ്റിക്ക് ലഭിക്കുന്നുണ്ടെന്നാണ് അറിയിച്ച്. ഈ വര്‍ഷം ഉ്ള്‍പ്പെടെ നിരവധി പുതിയ റോഡുകള്‍ തുറന്നതാേടെ ഈ വരുമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി ടോള്‍ പ്ലാസകളില്‍ പ്രത്യേകം ട്രാക്ക് ഒഴിച്ചിട്ടിട്ടുണ്ട്. എന്നാല്‍, ഫാസ്റ്റാഗ് വഴി ഈടാക്കുന്നതിന്റെ ഇരട്ടി തുകയാണ് ഇതില്‍ ടോള്‍ നല്‍കേണ്ടത്.

ഡിജിറ്റലായി ടോള്‍ പണം നല്‍കുക എന്ന ആശയം പൂര്‍ണമായും വിജയിച്ചിട്ടുണ്ടെങ്കിലും ടോള്‍ പ്ലാസയിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യം ഫാസ്ടാഗിലൂടെ പൂര്‍ണമായും സാധ്യമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. ഇപ്പോഴും പല ടോള്‍ പ്ലാസകളിലും വാഹനങ്ങളുടെ നീണ്ടനിരയും ഇതേതുടര്‍ന്നുള്ള ട്രാഫിക് ബ്ലോക്കുകളും ഉണ്ടാകാറുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ടോള്‍ പിരിക്കുന്നതിനുള്ള ബദല്‍ സംവിധാനങ്ങള്‍ പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here