പകൽ വെന്തുരുകി കാസർകോട്; മലയോരത്ത് രാത്രി കൊടുംതണുപ്പും

0
230

കാസർകോട് ∙ വേനൽച്ചൂടിൽ ജില്ല വെന്തുരുകുന്നു. പകൽച്ചൂടിൽ വലിയ വർധനയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ ഇന്നലെ പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ബയാർ(38.4), വെള്ളരിക്കുണ്ട്(38.1), പിലിക്കോട്(37.3), മടിക്കൈ(37.2) എന്നിവിടങ്ങളിലാണു ജില്ലയിലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. പകൽ ഇത്ര ഉയർന്ന താപനില രേഖപ്പെടുത്തുന്ന മലയോരങ്ങളിൽ അർധരാത്രിയും രാവിലെയും ശക്തമായ തണുപ്പും അനുഭവപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

മലയോരത്ത് ആശങ്ക

പുലർച്ചെ തണുപ്പ്, പകൽ സമയത്ത് കൊടുംചൂട്. കാലാവസ്ഥയിലുണ്ടായ മാറ്റം മലയോരമേഖലയിൽ പുതിയ പ്രതിഭാസമായി. സാധാരണഗതിയിൽ മാർച്ച് മാസത്തിൽ പകൽ ചൂട് വർധിക്കാറുണ്ട്. പക്ഷേ രാത്രി മുതൽ പുലർകാലം വരെയുള്ള തണുത്ത കാലാവസ്ഥ അപൂർവമാണ്. പകൽ 11.30 മുതലാരംഭിക്കുന്ന കടുത്ത വെയിലും ചൂടും ശമിക്കാൻ വൈകിട്ട് 3.30 വരെയാകും. കാലാവസ്ഥയിലെ മാറ്റം ജനങ്ങളിൽ പനി, ചുമ മുതലായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

തണുപ്പും ചൂടും മാറി മാറി വരുന്നത് ശാരീരിക ക്ഷീണത്തിനു കാരണമാകുന്നതായി പറയുന്നു. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ വെള്ളരിക്കുണ്ട്, പാണത്തൂർ എന്നിവിടങ്ങളിലായി 2 വെതർ സ്റ്റേഷനുകളാണുള്ളത്. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തെ വെതർ സ്റ്റേഷനിൽ ‍രേഖപ്പെടുത്തിയ ഇന്നലത്തെ ശരാശരി കൂടിയ താപനില 38.1 ഡിഗ്രി സെൽഷ്യസാണ്. ഇന്നലെ തന്നെ ഉച്ചകഴിഞ്ഞ് 3.30ന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് ചൂട് 33.2 ഡിഗ്രി സെൽഷ്യസാണ് കാണിക്കുന്നത്.

അതേ സമയം പാണത്തൂരിലെ വെതർ സ്റ്റേഷനിൽ ശരാശരി കൂടിയ താപനില 40.3 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 36.2 ‍ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 1049 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇന്നലെ അനുഭവപ്പെട്ട രീതിയിലുള്ള അമിത ചൂട് ഇതിന് മുൻപ് അനുഭവപ്പെട്ടിട്ടില്ലെന്ന് റാണിപുരത്തെ ടൂറിസ്റ്റ് ഗൈഡായിരുന്ന എസ്.മധുസൂദനൻ പറയുന്നു.

തൊഴിൽ സമയ ക്രമീകരണം

വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ചതായി ജില്ലാ ലേബർ ഓഫിസർ(എൻഫോ) അറിയിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലിസമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി.

പോത്താംകണ്ടത്ത് സിനിമാ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തിനു സമീപം തീപിടിത്തം

ചീമേനി- പോത്താംകണ്ടത്തിൽ പ്ലാന്റേഷൻ കോർപറേഷന്റെ എസ്റ്റേറ്റിൽ വൻ തീപിടിത്തം. ഇവിടെയുണ്ടായിരുന്ന സിനിമാ ലൊക്കേഷനിലെ ടെന്റുകളിലേക്കും തീ പടർന്നു.  തീ അണയ്ക്കാനെടുത്തതു മണിക്കൂറുകൾ. ഒട്ടേറെ കശുമാവിൻ മരങ്ങൾ കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു തീപിടിത്തം കണ്ടെത്തിയത്. പോത്താംകണ്ടം ഭാഗത്തു നിന്നു കത്തി പടർന്ന തീ കാക്കടവ് ഭാഗം വരെ നീണ്ടു.

സിനിമ ചിത്രീകരണം നടക്കുന്ന ഭാഗത്ത് ആളുകൾ ഉണ്ടായിരുന്നതിനാൽ ലൊക്കേഷനിൽ കുടിക്കാൻ കൊണ്ടുവന്ന ബാരലിൽ നിറച്ച വെള്ളം ഉപയോഗിച്ചാണ് തീ പടരുന്നത് തടഞ്ഞത്. അതുകൊണ്ട് തന്നെ ടെന്റുകൾക്ക് തീപിടിച്ചതൊഴിച്ചാൽ ലൊക്കേഷനിലേക്ക് തീ പടരുന്നത് ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അഗ്നിരക്ഷാ സേനയ്ക്ക് വിവരം കൈമാറിയതോടെ പയ്യന്നൂർ , പെരിങ്ങോം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ അഗ്നിരക്ഷാ വിഭാഗത്തിന്റെ യൂണിറ്റുകൾ എത്തി തീ അണയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here