നൂറ്റാണ്ടുകൾക്കിപ്പുറവും വിളിച്ചുണർത്താൻ കൊട്ടും പാട്ടും ദഫ് മേളവുമായി അവരെത്തും; നോമ്പുകാലത്തെ കാഴ്ച

0
306

മൊബൈല്‍ അലാറം കേട്ട് ഉറക്കമുണരുന്നതാണ് എവരുടെയും ഇപ്പോഴത്തെ ശൈലി. റമദാൻ നോമ്പ് കാലത്തും മലയാളികളെ വിളിച്ചുണർത്തുക മൊബൈൽ അലാറം തന്നെയാകും. എന്നാൽ ഇക്കാലത്ത് ഇസ്ലാം വിശ്വാസികളെ നോമ്പിന് വിളിച്ചുണര്‍ത്തുക കൊട്ടും പാട്ടും ദഫ് മേളവുമാണെങ്കിലോ. അങ്ങനെയും ചില സ്ഥലങ്ങളുണ്ട് ഈ ദുനിയാവിൽ. സെഹ്‌രി ഖാന്‍ സമ്പ്രദായം തുടരുന്ന സ്ഥലങ്ങളിലാണ് അത്തരമൊരു കാഴ്ച കാണാനാകുക. സെഹ്‌രി എന്നാല്‍ ഇസ്ലാം വിശ്വാസികള്‍ റമദാന്‍ കാലത്ത് രാവിലെ കഴിക്കുന്ന ഭക്ഷണമെന്നാണ് അര്‍ത്ഥം. അതിനായി വിളിച്ചുണർത്തുന്ന സെഹ്‌രി ഖാന്‍ സമ്പ്രദായം ഇന്നും ലോകത്തെ വിവിധയിടങ്ങളിൽ തുടരുന്നുണ്ട്. കൊട്ടും പാട്ടും ദഫ് മേളവുമായി അതിരാവിലെ നോമ്പിന് വിളിച്ചുണർത്തുന്ന സമ്പ്രദായ ഇസ്ലാം മത വിശ്വാസികൾ കൂടുതലായുള്ള പല സ്ഥലങ്ങളിലും ഇന്നും തുടരുന്നുണ്ട്.

ഇസ്ലാം പാരമ്പര്യവും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സെഹ്‌രി ഖാന്‍ ഇന്നും ലോകത്തിന്റെ വിവിധയിടങ്ങളില്‍ തുടരുന്നത്. മിഡില്‍ ഈസ്റ്റ്, തുര്‍ക്കി, ഈജിപ്ത് രാജ്യങ്ങളില്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ സമ്പ്രദായം തുടരുന്നത്. വിശ്വാസികളെ വിളിച്ചുണര്‍ത്താന്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മദീന തെരുവുകളില്‍ ഹസ്രത്ത് ബിലാലാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് സെഹ്‌രി ആദ്യമായി അവതരിപ്പിച്ചത്. വിശ്വാസികളെ കൃത്യസമയത്ത് ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹസ്രത്ത് ബിലാലിനെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയായിരുന്നു. ഹിജ്‌റ രണ്ടില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയ ശേഷം, റമദാന്‍ രാവിലെ വിശ്വാസികളെ എങ്ങനെ ഉണര്‍ത്തുമെന്ന് ആലോചന ഉയര്‍ന്ന ശേഷമാണ് ഉത്തരാവാദിത്വം ഹസ്രത്ത് ബിലാലിനെ ഏല്‍പ്പിച്ചത്. മദീനയ്ക്ക് ശേഷം അറേബ്യയിലെ മറ്റിടങ്ങളിലേക്കും സെഹ്‌രി സംഘം സഞ്ചരിച്ചു. പിന്നീട് പിന്തുണയേറിയതോടെ മറ്റ് ഇസ്ലാമിക രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. ആധുനിക തുര്‍ക്കിയില്‍, റമദാന്‍ കാലത്ത് സെഹ്‌രിഖാന്‍ സമ്പ്രദായവുമായി തെരുവിലിറങ്ങുന്ന യുവാക്കളുടെ എണ്ണം വര്‍ഷതോറും വര്‍ധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഏകദേശം 2000 ഡ്രമ്മര്‍ ഗ്രൂപ്പുകള്‍ തുര്‍ക്കിയിലുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തിലും ഇതിന് സമാനമായ രീതികൾ വിവിധയിടങ്ങളിൽ കാണാനാകും. നോമ്പ് കാലത്ത് രാവിലെ വിളിച്ചുണ‍ർത്താനായി ദഫ് മുട്ടിന്‍റെ താളത്തിൽ അവ‍ർ എത്തുമ്പോൾ വിശ്വാസികൾ ഹൃദയം കൊണ്ടാണ് സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here