തീവണ്ടിയാത്രയ്ക്കിടെ പുറത്തേക്കുവീണ ഫോൺ കണ്ടെത്താൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്‌.

0
258

കാസർകോട് : തീവണ്ടിയാത്രയ്ക്കിടെ അബദ്ധത്തിൽ കൈവിട്ട ഫോൺ തിരിച്ചെടുക്കാൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്. ഉദ്യോഗസ്ഥർ. കുമ്പളയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകവെയാണ്‌ പി.ജി. വിദ്യാർഥിനിയുടെ ഫോൺ ജനൽവഴി വീണത്. കാഞ്ഞങ്ങാട്ട് ഇറങ്ങേണ്ട വിദ്യാർഥിനി സ്റ്റോപ്പെത്തും മുൻപ്‌ തീവണ്ടി വേഗംകുറച്ചപ്പോഴാണ് സീറ്റിൽനിന്ന് എഴുന്നേറ്റത്. ആ സമയം കൈയിലുണ്ടായിരുന്ന ഫോൺ അബദ്ധത്തിൽ ജനൽവഴി പുറത്തേക്ക് വീഴുകയായിരുന്നു.

ഫോൺ നഷ്ടപ്പെട്ട വിഷമത്തോടെ സ്റ്റേഷനിൽ ഇറങ്ങിയ വിദ്യാർഥിനി കണ്ടത് ആർ.പി.എഫ്. ഉദ്യോഗസ്ഥരെയാണ്. ഗോവ ഗവർണർ ജില്ലയിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ചുമതലയ്ക്കായി എത്തിയ ആർ.പി.എഫ്. ഉദ്യോഗസ്ഥരോടാണ് കുട്ടി തന്റെ ഫോൺ നഷ്ടപ്പെട്ട വിവരം വിഷമത്തോടെ അറിയിച്ചത്. ഉടൻ ഫോൺ നഷ്ടപ്പെട്ട ട്രാക്കിലേക്ക് നടന്നുനോക്കാമെന്നും ആ നമ്പറിലേക്ക് വിളിച്ചുനോക്കാമെന്നും പറഞ്ഞു. എന്നാൽ ആ ഫോണിലുള്ള നമ്പർ റീചാർജ് ചെയ്യാത്തതിനാൽ ഇൻകമിങ് കോളുകൾ സ്വീകരിക്കില്ലെന്ന്‌ വിദ്യാർഥിനി അറിയിച്ചു. അതറിഞ്ഞ കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. പ്രകാശ് ഫോൺ റീചാർജ് ചെയ്തു. ശേഷം ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിൾ രവി പി.നായർക്കും പെൺകുട്ടിക്കുമൊപ്പം നഷ്ടപ്പെട്ട ഫോണിൽ വിളിച്ചുകൊണ്ട് ട്രാക്കിന് സമീപം നോക്കിനടന്നു.

അരമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ പാളത്തിനുസമീപത്തെ ജെല്ലിക്കല്ലുകൾക്കിടയിൽനിന്ന്‌ ഫോൺ കണ്ടെത്തി. ഫോണിന്റെ സ്ക്രീൻ ഗാർഡ് തകർന്നെങ്കിലും ജീവൻ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു ആ സമയത്ത് തനിക്കെന്ന് വിദ്യാർഥിനി പറഞ്ഞു. ഫോൺ കണ്ടെത്താൻ സഹായിച്ച ഉദ്യോഗസ്ഥരോടുള്ള നന്ദി വാക്കുകൾക്കപ്പുറമാണെന്ന് വിദ്യാർഥിനി കൂട്ടിച്ചേർത്തു. പെൺകുട്ടിക്ക്‌ പരിചയമില്ലാത്ത സ്ഥലമായതിനാൽ സുരക്ഷ മുൻനിർത്തി തീവണ്ടിപ്പാളത്തിലൂടെ പെൺകുട്ടിയെ ഒറ്റയ്ക്ക് അയക്കാൻ കഴിയാത്തതിനാലാണ് തങ്ങൾ കുട്ടിക്കൊപ്പം പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here