ബംഗളൂരു: ഫ്ലിപ്കാർട്ടിലൂടെ ഓർഡർ ചെയ്ത വിദ്യാർഥിക്ക് ഐ ഫോണിന് പകരം അലക്കുസോപ്പ് ലഭിച്ച സംഭവത്തിൽ 25,000 രൂപ നൽകണമെന്ന് കോടതി ഉത്തരവ്.കർണാടകയിലെ കൊപ്പാൾ സ്വദേശിയായ ഹർഷ എസ്. എന്ന വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. 2021ൽ ഹർഷ ഐഫോൺ ഓർഡർ ചെയ്തിരുന്നു.
എന്നാൽ, കിട്ടിയ പാർസൽ തുറന്നുനോക്കിയപ്പോൾ 140 ഗ്രാമുള്ള നിർമ ഡിറ്റർജന്റ് ബാറും കീപാഡ് ഫോണും. ഇതിനെതിരെ ഹർഷ കൊപ്പാളിലെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷന് പരാതി നൽകിയിരുന്നു. ഫ്ലിപ്പ്കാർട്ടിനോടും റീട്ടെയിലർമാരോടും സേവന വീഴ്ചക്ക് നഷ്ടപരിഹാരമായി 5,000 രൂപ നൽകാൻ വിധിക്കുകയായിരുന്നു.
48, 999 രൂപയാണ് വിദ്യാർഥി ഫോണിനായി നൽകിയത്. അന്യായമായ ഇടപാടിന് 10,000 രൂപയും ഉപഭോക്താവിന്റെ മാനസിക ശാരീരിക പ്രയാസങ്ങൾ, വ്യവഹാരച്ചെലവ് എന്നിവക്ക് 15,000 രൂപയും നഷ്ടപരിഹാരം നൽകാനാണ് വിധി. ഫോണിന്റെ വിലയായ 48,999 രൂപ എട്ട് ആഴ്ചക്കുള്ളിൽ തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഉൽപന്നം വിറ്റ് കഴിഞ്ഞാലും വിൽപനക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇപ്പോൾ, ഓൺലൈൻ ഷോപ്പിങ് എല്ലായിടത്തും വ്യാപകമാണ്. ഉൽപന്നം വിറ്റതിന് ശേഷം കമ്പനികളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല, ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തണമെന്നത് കമ്പനികളുടെ ബാധ്യതയാണ്. ഉപഭോക്താക്കളെ കബളിപ്പിക്കാനും തെറ്റായ വസ്തുക്കളോ ഉൽപന്നങ്ങളോ അയച്ച് പണം തട്ടിയെടുക്കാനും കമ്പനികൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.