മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ്കോടതി. 88ാം പ്രതി ദീപക്, 18ാം പ്രതി സിഒടി നസീര്‍, 99ാം പ്രതി ബിജു പമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. ഇവര്‍ക്ക് കോടതി തടവും പിഴയും വിധിച്ചു.
ദീപകിന് മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും മറ്റ് രണ്ട് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കേസില്‍ 110 പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ എം.എല്‍.എമാരായ സി.കൃഷ്ണന്‍, കെ.കെ.നാരായണന്‍ തുടങ്ങിയവര്‍ വെറുതെവിട്ടവരിലുണ്ട്.
2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ പൊലീസ് മൈതാനത്ത് സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അന്നുണ്ടായ കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്കു പരുക്കേറ്റിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് അക്രമം ഉണ്ടായത്. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന കെ.സി.ജോസഫ് എം.എല്‍.എ, കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ടി.സിദ്ദിഖ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.