അങ്കമാലി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ച ഒന്നരവയസ്സുകാരന് 11 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നല്‍കി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്ത് വിടരുതെന്ന് പറഞ്ഞാണ് നിര്‍വാന്‍ സാരംഗ് എന്ന ഒന്നരവയസ്സുകാരന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള വ്യക്തി ചികിത്സാ സഹായ ഫണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (11.6 കോടി ഇന്ത്യന്‍ രൂപ)യാണ് സംഭാവന ചെയ്തത്. ഇതോടെ നിര്‍വാണിന്റെ ചികിത്സാ സഹായ നിധിയിലേക്ക് 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയിലധികം രൂപയാണ് ചികിത്സക്ക് വേണ്ടത്.
മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് നിര്‍വാന്റെ ചികിത്സക്കായി തുക ശേഖരിച്ചത്. തുക നല്‍കിയ വ്യക്തി ഇവരെയാണ് ബന്ധപ്പെട്ടത്. അതിനാല്‍ മിലാന്റെ രക്ഷിതാക്കള്‍ക്ക് പോലും ഇത്രയും വലിയ തുക നല്‍കിയ വ്യക്തി ആരാണെന്ന് അറിയില്ല. തന്റെ പേരോ വിലാസമോ കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് തുക കൈമാറിയയാള്‍ അറിയിച്ചത്. തനിക്ക് പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്തകള്‍ കണ്ടപ്പോള്‍ കുഞ്ഞ് നിര്‍വാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് മനസ്സിലുള്ളതെന്ന് തുക നല്‍കിയയാള്‍ പറഞ്ഞെന്നും നിര്‍വാന്റെ മാതാപിതാക്കള്‍ പറയുന്നു.
പതിനെട്ട് കോടി രൂപക്ക് അടുത്ത് (2.1 മില്യണ്‍ യുഎസ് ഡോളര്‍) ആണ് നിര്‍വാന്റെ മരുന്നെത്തിക്കാന്‍ ചെലവ്. നോവാട്ടീസ് എന്ന മരുന്ന് നിര്‍മാണ കമ്പനിയുടെ മരുന്നിന് വരുന്ന വിലയാണ് ഈ തുക, കുഞ്ഞിന് രണ്ട് വയസ്സ് പ്രായം ആകുന്നതിനു മുന്‍പേ ഈ ചികിത്സ പൂര്‍ത്തിയാക്കിയാലേ എഴുന്നേറ്റ് നടക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വയസ് ആയിട്ടും ഇരിക്കാനോ എഴുന്നേല്‍ക്കാനോ മകന്‍ മടികാണിച്ചതോടെയാണ് രക്ഷിതാക്കള്‍ വിദഗ്ധ പരിശോധന നടത്തിയത്. തുടക്കത്തില്‍ മകന്റെ ഞരമ്പിന് പ്രശ്‌നമുണ്ടെന്ന് മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ തോന്നിയതോടെയാണ് കഴിഞ്ഞ ഡിസംബര്‍ 19 ന് വീണ്ടും പരിശോധന നടത്തിയത്. ജനുവരി 5 ന് കുഞ്ഞിന് എസ്എംഎ ടൈപ്പ് 2 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പേര് : നിർവാൺ എ മേനോൻ (Nirvaan A Menon )
അക്കൗണ്ട് നമ്പർ : 222 333 0027 4656 78
ബാങ്ക് : RBL ബാങ്ക്
IFSC : RATN0VAAPIS (digit after N is Zero)
UPI : assist.nirvaan10@ICICI