യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റില്‍; ചോർന്നത് 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന്

0
382

തിരുവനന്തപുരം∙ യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പൊലീസ്. പരാതി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചെന്ന് യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്നാണ് പരാതി. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറൽ എസ്പിയെ സമീപിച്ചിരിക്കുകയാണ്.

വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തുള്ള ഭർത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസിൽ പരാതി നൽകി. കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്ന് മനസ്സിലായത്.

ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പൊലീസിന് നൽകി. ഇതിനിടെ, പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോൾ അവൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് അവളുടെ ഭാവിയെ ബാധിക്കുമെന്നും യുവതി വ്യക്തമാക്കി. മൂന്നുവർഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റം ചെയ്ത പ്രതിക്കായുള്ള പൊലീസ് ഇടപെടൽ സംശയാസ്പദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here