‘എപ്പോഴാണ് നിങ്ങള്‍ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലുക?’ സന്യാസിയുടെ കൊലവിളി പ്രസംഗം പുറത്ത്

0
403

ഡല്‍ഹി: മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലാന്‍ ആഹ്വാനം ചെയ്ത് സന്യാസി. ഹിന്ദുത്വ സംഘടനകൾ ഞായറാഴ്ച ഡൽഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സന്യാസിയുടെ കൊലവിളി പ്രസംഗം. പ്രസംഗത്തിന്‍റെ വീഡിയോ പുറത്തുവന്നു.

“ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കാന്‍ പറഞ്ഞു. കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാന്‍ പറഞ്ഞു. ക്രിസ്ത്യാനികളും അങ്ങനെ പറഞ്ഞു. മുസ്‍ലിംകള്‍ കൊലപ്പെടുത്തി ഭരിക്കാന്‍ പറഞ്ഞു. നിങ്ങൾ (ഹിന്ദുക്കൾ) എപ്പോഴാണ് കൊല്ലുക? എല്ലാവരും മരിച്ചതിന് ശേഷമോ? എപ്പോഴാണ് നിങ്ങള്‍ അവരെ കൊല്ലുക? എപ്പോഴാണ് നിങ്ങൾ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലുക?”- എന്നാണ് സന്യാസി പറഞ്ഞത്.

തുടർന്ന് ഹിന്ദുക്കളോട് വീടുകളിൽ വാളുകളും തോക്കുകളും സൂക്ഷിക്കാൻ സന്യാസി നിര്‍ദേശിച്ചു- “നിങ്ങൾ ഒരു കയ്യില്‍ ആയുധങ്ങളും മറുകയ്യില്‍ മതഗ്രന്ഥങ്ങളും സൂക്ഷിക്കുക. നമ്മുടെ മതത്തെയും മതഗ്രന്ഥങ്ങളെയും നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അതിർത്തിയിൽ കൊണ്ടുപോയി വെടിവച്ചു കൊല്ലുക, അവരെ തെരുവിൽ കൊല്ലുക”.

സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവാങ്കെയ്ക്ക് പിന്തുണയുമായി അനുയായികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപിയുടെ ഹരിയാനയിലെ നേതാവും കര്‍ണിസേന തലവനുമായ സൂരജ് പാൽ അമുവും വിദ്വേഷ പ്രസംഗം നടത്തി. ചാവങ്കെയെയും ഹിന്ദു രാഷ്ട്രമെന്ന ആശയത്തെയും എതിർക്കുന്നവർക്ക് എതിരെ അക്രമത്തിന് അമു ആഹ്വാനം ചെയ്തു- “സുരേഷ് ചാവങ്കെയുടെ മേൽ കൈവെക്കാൻ ആരെയെങ്കിലും അനുവദിക്കുമോ? അദ്ദേഹത്തെ ശല്യപ്പെടുത്തുന്നവരെ നിങ്ങൾ വെറുതെവിടുമോ? രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നവരെ നിങ്ങൾ വെറുതെ വിടുമോ? നിങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കില്ലേ?” എന്നാണ് അമു ചോദിച്ചത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ കൊല്ലാനും മരിക്കാനും തയ്യാറാവണമെന്ന് ഉള്‍പ്പെടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സുരേഷ് ചാവങ്കെ. ഇത്തരത്തില്‍ ഡല്‍ഹിയില്‍ ഞായറാഴ്ച വിദ്വേഷ പ്രസംഗവും കൊലവിളി പ്രസംഗവും നടത്തിയ ആര്‍ക്കെതിരെയും ഡല്‍ഹി പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here