സന്ദേശങ്ങളില്‍ തെറ്റുപറ്റിയാല്‍ ഇനി ആശങ്കപ്പെടേണ്ട, ഒടുവില്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്സ്ആപ്പ്. അയച്ച സന്ദേശത്തില്‍ 15 മിനിറ്റിനുള്ളില്‍ തെറ്റ് തിരുത്താനോ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനോ സാധിക്കുന്ന വിധത്തിലാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപയോക്താവിന്റെ സ്വകാര്യത മെച്ചപ്പെടുത്തുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. നിലവില്‍ ബീറ്റ വേർഷനിൽ പുതിയ ഫീച്ചർ പരീക്ഷിച്ച് വരികയാണ്.
വാട്സ്ആപ്പ് ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിടുന്ന വാബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ വൈകാതെ തന്നെ പുറത്തിറങ്ങും. ഈ ഫീച്ചറിന്റെ ഒരു സ്ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. മെസേജ് എഡിറ്റ് ചെയ്താൽ ആ മെസേജിൽ എഡിറ്റഡ് എന്ന് പ്രത്യേകം കാണിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിൽ അയച്ച മെസേജുകളിൽ തെറ്റുകൾ വന്നാൽ ആ മെസേജ് ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷനിലൂടെ ഡിലീറ്റ് ചെയ്യാനും വീണ്ടുമൊരു മെസേജ് അയക്കാനുമുള്ള ഓപ്ഷൻ മാത്രമേ ഉള്ളു.
അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള വാട്സ്ആപ്പ് ഫീച്ചർ ആൻഡ്രോയിഡിന്റെ ബീറ്റ 2.22.20.12 വേർഷനിലാണ് ഉള്ളത്. വൈകാതെ ഈ ഫീച്ചർ ഐഒഎസ് ഡിവൈസുകൾക്കുള്ള ബീറ്റ വേർഷനിലും ലഭ്യമാകും. ആൻഡ്രോയിഡ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ പരീക്ഷിക്കാവുന്നതാണ്. മെസേജ് സെലക്റ്റ് ചെയ്താൽ ഡിലീറ്റ് ഓപ്ഷൻ ലഭിക്കുന്നത് പോലെ തന്നെയായിരിക്കും എഡിറ്റ് ഓപ്ഷനും ലഭിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിന് പുറമേ മറ്റ് നിരവധി ആകർഷകമായ ഫീച്ചറുകളും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ആഴ്ച്ചകൾക്ക് മുമ്പ് ചില രസകരമായ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരുന്നു. ഇതിൽ പ്രധാനപ്പെട്ടവയാണ് അയച്ച മെസേജുകൾ രണ്ട് ആഴ്ച്ച കഴിഞ്ഞും ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഗ്രൂപ്പിൽ 512 അംഗങ്ങളെ വരെ ചേർക്കാൻ സാധിക്കുന്ന ഫീച്ചറും. ഇത് കൂടാതെ വാട്സ്ആപ്പിലൂടെ അയക്കുന്ന ഫയലുകളുടെ വലിപ്പം 2 ജിബി വരെയാക്കി ഉയർത്തിയിരുന്നു. iOS-നുള്ള പിക്ചർ-ഇൻ-പിക്ചർ മോഡ്, അടിക്കുറിപ്പുകളോടെ മീഡിയ ഫോർവേഡ് ചെയ്യുക, സ്വയം സന്ദേശമയയ്ക്കുക തുടങ്ങിയ ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
വാട്സ്ആപ്പിന് പിന്നാലെ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ട്വീറ്റുകൾ അഞ്ച് തവണ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകുമെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. എഡിറ്റ് ചെയ്ത ട്വീറ്റുകൾ ആളുകൾക്ക് മനസിലാകുന്ന വിധത്തിൽ ലേബൽ ചെയ്യപ്പെടുമെന്നും ട്വിറ്റർ അറിയിച്ചു. വൈകാതെ തന്നെ ട്വിറ്റർ ഈ ഫീച്ചർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരും.